Sunday, January 1, 2017

                  ചാവക്കാടിന്റെ ചരിത്രം.

തനിക്കു മുമ്പെ ഭാഗ്യമന്വേഷിച്ചു വന്ന ഹതഭാഗ്യരുടെ മയ്യത്തുകൾ വീണുകിടക്കുന്ന മരുഭൂമിയിലേക്ക് കള്ളലാഞ്ചിയിറങ്ങിയ എന്റെ ഉപ്പാക്ക്....


 പടിഞ്ഞാറ് കനോലി കനാലിന്റെ തീരത്തൂടെ നടന്നു മറഞ്ഞ്, കള്ളലാഞ്ചി കയറി ഒടുവിൽ ഒരുനാളിൽ താൻ 'പേർഷ്യ'യിലെത്തിയെന്ന് ഉമ്മാനെ അറിയിച്ച പരുമൂത്താപ്പാക്ക്....

  

അത്യാസന നിലയിൽ കിടക്കുന്ന കുടപ്പിറപ്പിനരികിലെത്താൻ റിസർവ് ബാങ്കിലെ ഉദ്യോഗം കളഞ്ഞ് 'പേർഷ്യ'യിലെത്തിയ ഡാഡിക്ക്....

എല്ലാം "കല്ലി വല്ലി" ആയി കണ്ടിരുന്ന പ്രിയപ്പെട്ട കാദർകുഞ്ഞിപ്പാക്ക്....

ഇവർക്ക് ജന്മം നൽകിയ വെല്ലിപ്പാക്കും പെറ്റക്കും....

ഒടുവിൽ ഇവരെയെല്ലാം തന്റെ മടിത്തട്ടിൽ ഉറക്കികിടത്തിയിരിക്കുന്ന ചിറമ്മൽ പള്ളിക്ക്.....
 



നൂറ്റാണ്ടുകൾക്ക് മുമ്പ് പുന്നത്തൂർ സ്വരൂപത്തിന്റെ കീഴിലായിരുന്ന ചാവക്കാട് ദേശം ഒട്ടേറെ വിദേശാക്രമങ്ങൾക്ക് വിധേയമായിട്ടുണ്ട്. 1717-ൽ ഡച്ച് പിടിച്ചെടുത്ത ചാവക്കാട് തുടർന്ന് 1776-ൽ മൈസൂർ പടക്കു മുന്നിലും കീഴടങ്ങി.1789 സെപ്റ്റംബർ 28-ന് മദ്രാസ് പ്രവശ്യയായ ബ്രിട്ടീഷ് മലബാറിനു കീഴിലായി ചാവക്കാട് ലയിച്ചു. 1918-ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ രൂപമെടുത്ത ചാവക്കാട് യൂണിയനോടെ ഈ ദേശത്തിന് സ്വയഭരണവകാശം നിലവിൽ വന്നു. 1927-ൽ പഞ്ചായത്ത് ബോർഡ് ഒരു പുതിയ ഭരണ പ്രവർത്തനം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. അന്നത്തെ കാലത്ത് സ്ഥിരമായി നികുതി അടച്ചിരുന്ന ജന്മികൾക്ക് മാത്രമെ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും വോട്ട് ചെയ്യാനും ഇവിടെ അവകാശമുണ്ടായിരുന്നുള്ളു. ഇന്നത്തെപോലെ സമ്മതിദാനവകാശത്തിന് രഹസ്യ സ്വഭാവം അന്ന് ഉണ്ടായിരുന്നില്ല. 1953-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ഇന്നു കാണുന്ന രീതിയിലുള്ള സമ്മതിദാനവകാശ സ്വാതന്ത്ര്യം ഉണ്ടായത്. 1963-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചാവക്കാട് പഞ്ചായത്തിനെ പുന:രൂപപ്പെടുത്തിയതിന്റെ ഫലമായി ചാവക്കാടിന്റെ ഭാഗമായിരുന്ന ഗുരുവായൂർ പ്രവശ്യ വേർപ്പെടുകയും അടുത്ത പ്രദേശങ്ങളായ തെക്കൻ പാലയൂർ, പുന്ന, തിരുവത്ര, ബ്ലാങ്ങാട്, മണത്തല ഈ പഞ്ചായത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1978 ഒക്ടോബർ 1 ന് ചാവക്കാട് പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്തി.

പേരിനു പിന്നിലെ കഥകൾ

 ചാവക്കാട് എന്ന പേരിനു പിന്നിലുള്ള ചരിത്രം ഇതാണത്രെ:
തോമസ്ശ്ലീഹാ കപ്പലിറങ്ങിയത് ചാവക്കാടിന്റെ അയൽപ്രദേശമായ കൊടുങ്ങല്ലൂർ ആണെന്നാണ്‌ കരുതിവരുന്നത്.    ഇതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ജനങ്ങളെ അസംതൃപ്തരാക്കുകയും അവർ ശപിച്ചുകൊണ്ട് ഈ നാട് വിട്ടോടുകയും ചെയ്തു. അങ്ങനെ ഈ ദേശം ശാപക്കാട് എന്ന് അറിയപ്പെട്ടു തുടങ്ങി. 'ശപിക്കപ്പെട്ട കാട്' പിന്നീട് ചാവക്കാടായി പരിണമിക്കുകയും ചെയ്തു. ചേവൽ മരങ്ങൾ സമൃദ്ധമായി ഉണ്ടായിരുന്നത് കൊണ്ടാണ് ഈ പേരിനു കാരണമെന്ന മറ്റൊരു വിശ്വാസവും നില നിൽക്കുന്നു.

ആരാധനാലയങ്ങളുടെ കേന്ദ്രമാണ് ചാവക്കാട്. തോമസ്ശ്ലീഹാ കേരളത്തിൽ സ്ഥാപിച്ച ആദ്യത്തെ ഏഴ് ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ് പാലയൂർ പള്ളി. വിദ്യാർത്ഥികളും വിദേശികളുമായ ഒട്ടേറെ  തീർത്ഥാടകർ ഈ ആരാധനാലയം നിത്യവും സന്ദർശിക്കുന്നു.
സത്യത്തിനും നീതിക്കുമായി പടപൊരുതി രക്തസാക്ഷിത്വം വരിച്ച ഹൈദ്രോസ്കുട്ടി മൂപ്പർ നിത്യ വിശ്രമം കൊള്ളുന്നത് മണത്തല ജുമാ മസ്ജിദിലാണ്.
     സാമൂതിരി രാജാവിന്റെ ഗവർണ്ണറായിരുന്ന അമ്പലത്തു വീട്ടിൽ മൂസകുട്ടി മൂപ്പരുടെയും നാലകത്ത് ചാന്ദിപ്പുറത്ത് ആമിനയുടെയും മകനായി ജനിച്ച ഹൈദ്രോസ്കുട്ടി മൂപ്പർ ആയോധനകലയിലും കായികാഭ്യാസത്തിലും പ്രാവീണ്യം നേടിയ തികഞ്ഞ യോദ്ധാവായിരുന്നു. പിതാവിന്റെ മരണ ശേഷം സാമൂതിരി രാജാവ് ഹൈദ്രോസ്കുട്ടി മൂപ്പരെ പിതാവിന്റെ സ്ഥാനത്ത് ഗവർണറായി നിയമിച്ചു. ടിപ്പു നടത്തിയ പടയോട്ടത്തിൽ ചാവക്കാടും ടിപ്പു തന്റെ അധീനതയിലാക്കി. ചേറ്റുവയിൽ കോട്ട പണിയുകയും സേനാനായകനായ തന്റെ മരുമകൻ ഖാൻ സാഹിബിന്റെ നേതൃത്വത്തിൽ സൈന്യവ്യൂഹത്തെ വിന്യസിക്കുകയും ചെയ്തു.
  നിസ്കാരം കഴിഞ്ഞു വരുമ്പോൾ പാലയൂരിനടുത്തുള്ള ഏടപ്പുള്ളിയിൽ ഘാൻ സാഹിബിന്റെ പട്ടാളം മൂപ്പരെ വളഞ്ഞു. ഏറ്റുമുട്ടലിൽ അനേകം സൈനികരെ മൂപ്പർ വാളിനിരയാക്കി. ഈ പോരാട്ടത്തിൽ മൂപ്പരുടെ ചെറു വിരൽ മുറിഞ്ഞു വീണു. വിജയശ്രീലാളിതനായ മൂപ്പർ ഒരു കുളത്തിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ പൊന്തക്കാട്ടിനുള്ളിൽ മറഞ്ഞിരുന്ന പട്ടാളക്കാരൻ ഒളിയമ്പെയ്തു. അസ്ത്രം തറച്ച് വേദനകൊണ്ട് പുളഞ്ഞ മൂപ്പർ കുളക്കടവിൽ വീണുകിടക്കുന്ന തക്കത്തിൽ അദ്ദേഹത്തിന്റെ ശിരസ്സ് മുറിച്ചു മാറ്റി. കൊല്ലവർഷം 967 മകരം 15-ന് ഹൈദ്രോസ്കുട്ടി മൂപ്പർ വീരചരമം പ്രാപിച്ചു. സാമൂതിരി രാജയുടെ നേതൃത്വത്തിൽ രാജോചിതമായ ബഹുമതിയോടെ ആനയും അമ്പാരിയുമായി മണത്തലയിൽ കൊണ്ടുവന്ന് ഭൗതിക ശരീരം കബറടക്കി. അതിന്റെ സ്മരണ പുതുക്കലാണ് മണത്തല നേർച്ച.

ഹൈദ്രോസ്കുട്ടിമൂപ്പർ അന്ത്യവിശ്രമം കൊള്ളുന്ന മണത്തല ജുമാ മസ്ജിദ്

ഹൈദ്രോസ്കുട്ടിമൂപ്പരുടെ ഖബറിടം. Image: Friend
അയൽപ്രദേശമായ മുതുവട്ടൂർ, ബ്ലാങ്ങാട്, ഓവുങ്ങൽ, കണ്ണികുത്തി, പാലയൂർ എന്നിവടങ്ങളിലെ മുസ്ലീംപള്ളികളും പ്രസിദ്ധമാണ്. മണത്തല ശ്രീ വിശ്വനാഥ അമ്പലത്തിനായി സ്ഥാനം തീരുമാനിച്ചത് ശ്രീ നാരായണഗുരുവായിരുന്നു. തിരുവത്രയിലെ ശിവന്റെ അമ്പലം, മണത്തല നാഗയക്ഷി അമ്പലം, കോഴിക്കുളങ്ങര, ചെട്ട്യാലക്കൾ തുടങ്ങിയ പ്രദേശങ്ങലിലെ അമ്പലങ്ങളും വളരെ പ്രാചീന്മായ ആരാധനാലയങ്ങളാണ്. പല മതസ്ഥരുടെയും ആരാധനാലയങ്ങളുടെ കേന്ദ്രമായ ഈ ദേശത്ത് അതുകൊണ്ട് തന്നെ പല ഐതിഹ്യങ്ങളും ആഘോഷങ്ങളും നിലനിൽക്കുന്നു. പ്രാചീനമായ ആരാധനാലയങ്ങളും പ്രകൃതിരമണീയമായ ബ്ലാങ്ങാട് ബീച്ചും മികച്ച തീർഥാടന-വിനോദ കേന്ദ്രമായി ചാവക്കാടിനെ മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.



ബ്ലാങ്ങാട് ബീച്ച്.Image: blogger
 എ ഡി ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാരുടെ പ്രധാന കുടിയേറ്റ കേന്ദ്രമായിരുന്നു പാലയൂർ. ഇന്നത്തെ ജൂതൻ ബസാർ അന്ന് അറിയപ്പെട്ടിരുന്നത് ജൂതകുന്ന് എന്നായിരുന്നു.


 പ്രതാപസ്മരണകളോടെ വഞ്ചിക്കടവും അരിയങ്ങാടിയും 


    അക്കാലത്ത് ചാവക്കാട് ഒരു പ്രധാന വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു. പായകൾ കെട്ടി കാറ്റിന്റെ വേഗത്തിനനുസരിച്ച് കഴുക്കോൽ കൊണ്ട് കുത്തിപ്പായുന്ന വഞ്ചിക്കടവിലെ കമ്പനി വള്ളങ്ങൾ....വഞ്ചികളിൽ നിന്നുയരുന്ന കുഴലൂത്തുകൾ....ചരക്ക് വള്ളങ്ങൾ കാത്ത് അരിയങ്ങാടിയിൽ നീണ്ട കാളവണ്ടികളുടെ നിര...

ഒരുകാലത്ത് ചാവക്കാടിന്റെ പ്രതാപമായിരുന്നു വഞ്ചിക്കടവും അരിയങ്ങാടിയും. 45 വർഷം മുമ്പ് വരെ മധ്യകേരളത്തിന്റെ പ്രധാന വാണിജ്ജ്യകേന്ദ്രമായിരുന്നു വഞ്ചിക്കടവ്. ഇവിടെ കൊച്ചി, മട്ടാഞ്ചേരി, മാഞ്ഞാലി, കണക്കൻകടവ്, പൊന്നാനി ഭാഗങ്ങളിൽ നിന്നെല്ലാം കമ്പനി വഞ്ചികൾ എന്നറിയപ്പെട്ടിരുന്ന കെട്ടുവള്ളങ്ങളിൽ നിറയെ ചരക്കുകൾ എത്തിയിരുന്നു. മുള, കവുങ്ങ്, കെട്ടിടനിർമ്മാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ചട്ടി, കലം, അണ്ടിനെയ്യ് തുടങ്ങി എല്ലാമെല്ലാം വഞ്ചിക്കടവ് വഴിയായിരുന്നു ഇറക്കുമതി. കയർ നിർമ്മാണ യൂണിറ്റുകൾ സജീവമായിരുന്ന ആ കാലഘട്ടത്തിൽ ഇത്തരം വഞ്ചികളിലാണ് ഇവ കയറ്റി വിടുന്നത്. ചാവക്കാടും പരിസര പ്രദേശങ്ങളിലേക്കുമുള്ള ചരക്കുകൾ വഞ്ചിക്കടവത്തെത്തും. വട്ടേക്കാട് ആലിക്കുട്ടിക്ക, വെണ്ണക്കൽ കൃഷ്ണൻ, വലപ്പാട് കുഞ്ഞാമു, ഏങ്ങണ്ടിയൂർ പൊറിഞ്ചു തുടങ്ങിയവരുടെ വഞ്ചികളിൽ നിന്നായിരുന്നു മനോഹരമായ കുഴലൂത്ത് ഒഴുകുക. കാളവണ്ടികളിൽ ചരക്ക് കയറ്റികൊണ്ടുപോകുന്നതും കമ്പനി വഞ്ചികളിൽ ചരക്ക് അയക്കുന്നതുമെല്ലാം ഇന്നും പഴമക്കാരുടെ മനസ്സിൽ നിറം മങ്ങാത്ത ഓർമ്മകളാണ്. ഗതകാല പ്രൗഢി വിളിച്ചോതി അരനൂറ്റാണ്ട് പഴക്കമുള്ള ചുങ്കപ്പുര ഇന്ന് നഗരസഭയുടെ അധീനതയിലാണ്.




ഒരുകാലത്ത് ചാവക്കാട്ടെ വാണിജ്ജ്യകേന്ദ്രമായിരുന്ന  വഞ്ചിക്കടവത്തെ പാണ്ടികശാലകൾ.   Image: Blogger

   ചേറ്റുവയിലെയും ഏനമാവിലെയും ഉൾനാടൻ ജലഗതാഗത മാർഗ്ഗം ചാവക്കാടിനെ ഒരു കച്ചവട കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതുപോലെ സമീപ പ്രദേശമായിരുന്ന കൊടുങ്ങല്ലൂർ പുരാതന കേരളത്തിലെ ഒരു പ്രമുഖ തുറമുഖ നഗരമായിരുന്നു. കോഴിക്കോട് പൊന്നാനി പോലെയുള്ള പ്രധാന വ്യാപാരകേന്ദ്രങ്ങളെ തമ്മിൽ ബന്ധിക്കുന്ന കനോലി കനാൽ നിർമ്മിച്ചത് അന്നത്തെ മലബാർ കലക്റ്ററായിരുന്ന കനോലി സായിപ്പിന്റെ ഉത്തരവ് പ്രകാരമായിരുന്നു. ചരക്കുകൾ സൂക്ഷിക്കാനും മറ്റുമായി അന്ന് ചാവക്കാട് സ്ഥിര താമസമാക്കിയ കച്ചവടക്കാർ ചാവക്കാട്ടെ വഞ്ചികടവത്ത് ഒട്ടനവധി ഗോഡൗണുകൾ നിർമ്മിച്ചു.
വഞ്ചിക്കടവത്തെ അരിയങ്ങാടി. നടപ്പാലത്തിനു മുകളിൽ നിന്നുമുള്ള ഒരു ദൃശ്യം.  Image: Blogger
ഇവിടുത്തെ ആഴ്ച്ചചന്തയും കാലിചന്തയും വളരെ പ്രസിദ്ധമായിരുന്നു. കൊച്ചിയിൽ നിന്നും കോഴിക്കോട് വരെയുള്ള തപാൽ സർവ്വീസ് നടത്തിയിരുന്നത് കനോലികനാലിലൂടെ ആയിരുന്നു. അതിനായി തപാൽ, ബോട്ട് സർവ്വീസും നടത്തിയിരുന്നു. ചാവക്കാടിന്റെ ഇന്നത്തെ ഉയർച്ചയിൽ കനോലി കനാൽ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. ചാവക്കാട് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക അടയാളമാണ് കനോലികനാലും പഴയ നടപ്പാലവും.

വഞ്ചിക്കടവത്തുള്ള പഴയ നടപ്പാലം. Image: Blogger
വഞ്ചിക്കടവത്തുള്ള പഴയ നടപ്പാലം. വഞ്ചിക്കടവിനെയും മണത്തലയെയും ബന്ധിപ്പിക്കുന്ന ഈ കോൺക്രീറ്റ് നടപ്പാലം ബ്രിട്ടീഷ് ഭരണകാലത്ത് 1936-ലാണ് നിർമ്മിക്കപ്പെട്ടത്. Image: Blogger

ഗാന്ധിജിയുടെ നിസ്സഹകരണ സമരമെന്ന ആശയത്തിനു വളരെ മുമ്പെ അത്തരമൊരു രീതിയിൽ സമരം ചെയ്ത ആളായിരുന്നു മത പണ്ഡിതനായ വെളിയംകോട് ഉമർഖാളി. അക്കാലത്ത് നില നിന്നിരുന്ന ഭൂനികുതി സമ്പ്രദായത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ നിസ്സഹകരണ സമരം. ഈ സമരത്തിന്റെ പേരിൽ അദ്ദേഹം തടവ് ശിക്ഷ അനുഭവിച്ചത് ചാവക്കാട് ജയിലിലായിരുന്നു. ഭൂനികുതി അടക്കാത്തതിനെ കുറിച്ച് ചാവക്കാട് സബ്കലക്റ്ററായിരുന്ന നിബു സാഹിബ്, ഉമർഖാളിയോട്
ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി "ദൈവത്തിന്റെ ഭൂമിക്ക് ഒരിക്കലും ഞാൻ  നികുതി അടക്കില്ല" എന്നായിരുന്നു. മറുപടി കേട്ട സബ് കലക്റ്റർ അദ്ദേഹത്തെ തടവിലാക്കാൻ ഉത്തരവിടുകയും ചെയ്തു. തുടർന്ന് ദൈവീകമായ സഹായത്താൽ അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. നൂറു വർഷത്തേക്കാൾ പഴക്കമുള്ളതാണ് ചാവക്കാട് സബ് ജയിൽ.


ചാവക്കാട് സബ് ജയിൽ. Image: Blogger


 ചേറ്റുവ റോഡിലുള്ള കച്ചേരിതറ എന്ന്  പറയുന്ന സ്ഥലത്തായിരുന്നു പണ്ടുകാലത്ത് നീതി-ന്യായ കോടതി കൂടിയിരുന്നത്. ഈ നീതി-ന്യായ കോടതി പിന്നീട് ഇന്ന് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. ചാവക്കാട് വലിയകത്ത് കൈതക്കൽ കുഞ്ഞുബാവ ഹാജി ഈ കോടതിയുടെ ബഞ്ച് മജിസ്ട്രേറ്റ് ആയിരുന്നു. ബ്രിട്ടീഷ് ചക്രവർത്തി ആയിരുന്ന ജോർജ്ജ് അഞ്ചാമന്റെ സ്മരണക്കായി നിർമ്മിച്ച ശുദ്ദജല സംഭരണിയുടെ,  കുഞ്ഞുബാവ ഹാജി നാട്ടിയ തറക്കല്ല് താലൂക്ക് ഓഫീസിൽ ഇന്നും കാണാം.  ഒന്നാം ലോക മഹായുദ്ധത്തിലും  ചാവക്കാട്ടുകാരുടെ പങ്ക് കാണാം. നാൽപ്പത്തഞ്ചുപേരാണ് ഈ ലോകയുദ്ധത്തിൽ പങ്കെടുത്തത്. ഇതിൽ അഞ്ച് പേർ യുദ്ധത്തിൽ മരണമടയുകയും ചെയ്തു. ഇവരുടെ പേർ കൊത്തിയ സ്മാരകശിലയും താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു.

ഒന്നാം ലോകമഹാ യുദ്ധത്തിൽ പങ്കെടുത്തവരുടെ സ്മരണാർത്ഥം ചാവക്കാട് താലൂക്ക് ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള ശിലാഫലകം. Image:  Blogger

ചാവക്കാട് താലൂക്ക് ഓഫീസിൽ ഒന്നാം ലോകമഹാ യുദ്ധത്തിൽ പങ്കെടുത്തവരുടെ പേരുകൾ കൊത്തിയ  കരിങ്കൽശില.  Image: Blogger

ചാവക്കാട് താലൂക്ക് ഓഫീസ്. Image: Blogger


നടപാലത്തിനു മുകളിൽ നിന്നുമുള്ള കനോലി കനാലിന്റെ ദൃശ്യം. Image:  Blogger

   ഗാന്ധിജി നയിച്ചിരുന്ന ദേശിയ പ്രസ്ഥാനം ചാവക്കാടിനെ വളരെയധികം സ്വാധീനിച്ചിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചാവക്കാട്ടെ വളരെയധികം ദേശസ്നേഹികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ചാവക്കാടിന്റെ ഭാഗമായിരുന്ന ഗുരുവായൂരിൽ ഗാന്ധിജി വന്നതിനും, ചാവക്കാട്ടെയും മണത്തലയിലെയും മൈതാനങ്ങളിൽ അന്നത്തെ ദേശീയ നേതാക്കൾ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങൾക്കും സാക്ഷിയായ പഴയ തലമുറകളുടെ മുഖത്ത് ആ അമൂല്യമായ ഓർമ്മകളിൽ നിന്നും ഉണ്ടാകുന്ന ആവേശഭരിതം ഇന്നും  പ്രതിഫലിച്ചുകാണാം. ക്വിറ്റ് ഇന്ത്യ പോലെയുള്ള ദേശീയ പ്രസ്ഥാനങ്ങളിലും സത്യാഗ്രഹങ്ങളിലും അവർ സജീവ പ്രവർത്തകരായിരുന്നു
ചാവക്കാട് വലിയ പാലം. Image: Nasmil Maliyakkal
   സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വളരെ കാലം ജയിൽ വാസം അനുഭവിച്ച എം. വി. അബുബക്കർ സാഹിബ്,സുബാഷ് ചന്ദ്രബോസിന്റെ ഐ. എൻ. എ-യിൽ പട്ടാളക്കാരനായി സേവനം അനുഷ്ട്ടിച്ച ശ്രീ നായരുശ്ശേരി ദാമോദരൻ, ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ചാവക്കാട് കൈത്തറി വ്യവസായം ചെയ്ത ശ്രീ തിരുവല്ലത്തറ ദാമോദരൻ എന്നീ മഹത് വ്യക്തികൾ ചാവക്കാട്ടുകാരായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണ്യൻ മുസ്ലീം ലീഗ്, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ രാഷ്ട്രീയ സംഘടനകൾ ചാവക്കാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. 1940-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ ജാഥ നയിച്ച് അറസ്റ്റ് കൈവരിച്ചവരാണ് ശ്രീ. വി. കെ. ബാലൻ, ശ്രീ ആർ. വി. മുഹമ്മദ്, ശ്രീ പി. വി. ഹസ്സൻ തുടങ്ങിയ ചാവക്കാട്ടെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ.  

താഴ്ന്ന ജാതിക്കാർക്ക് ഗുരുവായൂർ അമ്പലത്തിൽ പ്രവേശിക്കാനുള്ള ഗുരുവായൂർ സത്യാഗ്രം നയിച്ച ശ്രീ എ. കെ. ജി, ശ്രീ കേളപ്പൻ തുടങ്ങിയവർക്ക് ചാവക്കാട്ടെ ജനങ്ങൾ വമ്പിച്ച പിന്തുണയാണ് നൽകിയിരുന്നത്.
പടിഞ്ഞാറ് ഭാഗം അറേബ്യൻ കടൽ അതിരിട്ടിരിക്കുന്ന ചാവക്കാട്, മൽസ്യബന്ധനവും ബീഡി നിർമ്മാണവുമാണ് പ്രധാന വ്യവസായം. മൽസ്യബന്ധന തൊഴിലാളികളും അത് വിറ്റഴിക്കുന്ന കച്ചവടക്കാരും ചാവക്കാടിന്റെ അവിഭാജ്യഘടകമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ മൽസ്യ എണ്ണ നിർമ്മിക്കുന്ന കമ്പനി പ്രവർത്തിച്ചിരുന്നു. മൽസ്യ വ്യവസായത്തിന് വളരെ അനുയോജ്യമായ നാടാണ് ചാവക്കാട്. അതുപോലെ ബീഡി നിർമ്മാണത്തെ ഇവിടുത്തെ ആയിരക്കണക്കിന് ജനങ്ങൾ  ആശ്രയിച്ച് വരുന്നു.

ചാവക്കാട് ബസ് സ്റ്റാൻഡ്. Image:  Blogger

  ഈ പ്രദേശത്തെ പ്രധാന കാർഷിക വിളയാണ് നാളികേരം. എന്നാലും ഈ കാർഷികവിളയോടനുബന്ധിച്ചുള്ള മറ്റു വ്യവസായങ്ങൾ ഇന്നും ഇവിടെ വേരോട്ടം പിടിച്ചിട്ടില്ല എന്നതു വലിയ ഒരു ന്യൂനതയാണ്. ഒരുകാലത്ത് കയർ വ്യവസായത്തിന്റെ പ്രാധന കേന്ദ്രമായിരുന്നു ചാവക്കാട്. പാലയൂരിൽ കയർ വ്യവസായത്തിന്റെ ഒരു സൊസൈറ്റിയും നിലനിന്നിരുന്നു. ഇന്നു ഈ വ്യവസായം പൂർണ്ണമായും നിലച്ച നിലയിലാണ്. കള്ളുചെത്തൽ ഇവിടുത്തെ പ്രധാന തൊഴിലാണ്. കള്ളുചെത്തൽ തൊഴിലാളികൾക്കായുള്ള സംഘടന ഇവിടെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. കൊപ്ര സംസ്കരണവും വെളിച്ചെണ്ണോൽപ്പാദനവുമാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട വ്യവസായം. നാളികേര കൃഷിയോടനുബന്ധിച്ചുള്ള വെളിച്ചെണ്ണോൽപ്പാദനം, ഗൃഹോപകരണ നിർമ്മാണം, കരകൗശല വസ്തുക്കൾ, കാലിതീറ്റ, നാളികേരവെള്ളത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ശീതളപാനിയങ്ങൾ തുടയ വ്യവസായങ്ങൾക്ക് വളരെയേറെ അവസരങ്ങളാണ് ഇവിടെയുള്ളത്.
 ബ്രിട്ടീഷ് ഭരണകാലത്ത്, കശുമാങ്ങയിൽ നിന്നും ബ്രാണ്ടി ഉൽപ്പാദിപ്പിക്കുന്ന ഒരു വാറ്റുകേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നു. അതിന്റെ പ്രവർത്തനം നിലച്ചു വർഷങ്ങളായെങ്കിലും ഇപ്പോഴും ഇവിടെ ഒരു കനാൽ ഈ വാറ്റു കേന്ദ്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ. Image: Nasmil Maliyakkal

ചാവക്കാടിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന NH-17 റോഡ് ടിപ്പുവിന്റെ പടയോട്ടകാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഇതു ടിപ്പുസുൽത്താൻ റോഡ് എന്നറിയപ്പെടുന്നു. പൊന്നാനി മുതൽ കൊടുങ്ങല്ലൂർ വരെ നീണ്ടുകിടക്കുന്ന ഈ പാത ചാവക്കാടിന്റെ വികസനത്തിനു വളരെയേറെ പങ്കാണ് വഹിക്കുന്നത്. ചാവക്കാട് നഗരത്തെയും ടിപ്പുസുൽത്താൻ റോഡിനെയും ബന്ധിച്ച് കനോലികനാലിനു കുറുകെ രണ്ടു പാലങ്ങൾ സ്ഥിതി ചെയ്യുന്നു.

NH-17  ടിപ്പു സുൽത്താൻ റോഡ്. Image: Blogger

19-ആം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ ക്രിസ്ത്യൻ മിഷ്യനറിമാർ നമ്മുടെ വിദ്യഭ്യാസമേഖലയിൽ വളരെയേറെ സംഭാവനകളാണ് നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച ഇവർ ചാവക്കാടിനു നൽകിയ രണ്ടു വിദ്യഭ്യാസ സ്ഥാപനങ്ങാളാണു M.R.R.M ഹൈസ്കൂളും കണക്കോട്ടു സ്കൂളും. 1890-ൽ ചാവക്കാട് പ്രവർത്തിച്ചിരുന്ന മിഷ്യണറി സ്ഥപനമാണ് ഈ വിദ്യഭ്യാസ സ്ഥപനങ്ങൾ നിലവിൽ വരാൻ കാരണമായത്.
M.R.R.M ഹൈസ്കൂൾ. Image: Blogger

 പണ്ടുകാലത്ത് ചാവക്കാട് പുന്നത്തൂർസ്വരൂപത്തിന്റെ കീഴിലുള്ള പാലയൂർ, മമ്മിയൂർ, മുതുവട്ടൂർ കളരിസംഘങ്ങളാണ്  ആയോധനകലകൾ പരിശീലിപ്പിച്ചിരുന്നത്. ആ കളരി സഘങ്ങൾ മണ്മറഞ്ഞു പോയെങ്കിലും സമ്പൽസമൃദ്ധമായ ആ ആയോധനസംഘത്തിന്റെ  പാരമ്പര്യം 1956ൽ മുതുവങ്ങാട്ട് ശങ്കുണ്ണിപ്പണിക്കർ സ്ഥാപിച്ച ശ്രീനാരായണ ഗുരു വല്ലഭട്ട കളരിസംഘം ഇവിടെ നിലനിർത്തിപോരുന്നു. ഇന്ന് കേരളത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിൽപോലും വല്ലഭട്ടകളരിസംഘം പ്രസിദ്ധമാണ്. നൂറുകണക്കിനു വിദേശികളാണു കളരി അഭ്യസിക്കുന്നതിനായി ഇവിടെ എത്തുന്നത്.
 
വല്ലഭട്ട കളരി.  Image: Blogger

മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തദ്ദേശിയരായ ജനങ്ങളുടെ പണം സ്വരൂപിച്ച് ചാവക്കാട് 1924ൽ സർക്കാർ ഡിസ്പെൻസറി ആരംഭിച്ചു.

ചാവക്കാട് ഗവൺമെന്റ് ആശുപത്രി.  Image: Blogger

ചാവക്കാട് ഗവൺമെന്റ് ആശുപത്രി.  Image:  Blogger

1943ൽ ആണു ആദ്യ കാലറ്റട്രേഡ് യൂണിയനുകളായ ഫർക്ക ബീഡി തൊഴിലാളി യൂണിയനും മുസ്ലീം തൊഴിലാളി യൂണിയനും നിലവിൽ വന്നത്. ഇവിടെയുള്ള പല തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങൾക്കും ഈ ട്രേഡ് യൂണിയനുകൾ പ്രചോദനമായി തീർന്നിട്ടുണ്ട്. ഇന്നു പേരു കേട്ട പല ട്രേഡ് യൂണിയനുകളും ഇവിടെ പ്രവർത്തിക്കുന്നു.

    ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. Image: Nasmil Maliyakkal

ചാവക്കാട്ടുകാർ ഏറിയ പങ്കും ഗൽഫ്  പ്രവാസികളായി കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ മിനി ഗൾഫ് എന്ന അപര നാമത്തിലും ചാവക്കാട് അറിയപ്പെടുന്നു. ഗൾഫിൽ നിന്നുള്ള വരുമാനം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയർത്തിയെങ്കിലും പ്രാദേശികമായ വികസനത്തിൽ കാര്യമായ ഒരു മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല.
പ്രസിദ്ധമായ കാജ ബീഡിയുടെ ഉൽപ്പാദകരായ കാജ ഗ്രൂപ്പ് ഓഫ് കമ്പനി ചാവക്കാട്ടുകാരാണ്. 1948-ൽ ഹാജീ അബ്ദുൽകാദർ കാജാ ബീഡി കമ്പനി ആരംഭിച്ചു. തദ്ദേശിയരും പരദേശിയരുമായ ഒട്ടേറെ പേർ കാജാ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ തൊഴിലെടുത്ത് ജീവിച്ചു വരുന്നു.


 വികസനത്തിനു വഴിയൊരുക്കിയ ചേറ്റുവ പാലം


   മിനിഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാടിന്റെ മുഖഛായ മാറ്റാനിടയാക്കിയ പ്രധാന വികസനം ദേശീയപാതയാണ്. ഇതിനു വഴിയൊരുക്കിയതാകട്ടെ ചേറ്റുവ പാലവും. പാലം ഇല്ലാതിരുന്ന കാലത്ത് ചാവക്കാട്ടുകാർക്ക് എറണാകുളത്തേക്കോ നാട്ടികയിലേക്കോ എത്തണമെങ്കിൽ ബുദ്ധിമുട്ടായിരുന്നു. വാഹന ഉടമകളും യാത്രക്കാരും ചേറ്റുവ പുഴയിലെ സഞ്ചാര ബോട്ടിൽ മറുകര കടന്നാണ് പോയിരുന്നത്. ബോട്ടിനായുള്ള കാത്തിരിപ്പും സഞ്ചാരവും മണിക്കൂറുകളോളമാണ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്.
   ബോട്ട് യാത്ര ദുഷ്കരമായതോടെ ദീർഘദൂര യാത്രക്കാർ പുഴ കടന്നുള്ള യാത്ര വേണ്ടന്നുവെച്ച് തൃശൂർ ടൗൺ കേന്ദ്രീകരിച്ചാണ് എറണാകുളത്തേക്കോ കോട്ടയത്തേക്കോ എത്തിയിരുന്നത്. ചാവക്കാട്ടുനിന്ന് മത്സ്യം കയറ്റുമതി ചെയ്യുന്നതും ദുഷ്ക്കരമായിരുന്നു. മറ്റു കച്ചവടക്കാർ കണ്ടശാംകടവ് ചന്തയിൽ നിന്ന് സാധനങ്ങൾ കയറ്റി കനോലി പുഴ വഴി വഞ്ചി സർവീസിലാണ് ചാവക്കാട് പഴയ പാലത്തിന് സമീപം എത്തിയിരുന്നത്. ചാവക്കാടിന്റെ അവസ്ഥ പരിതാപമായതോടെ പാലത്തിനായി നാട്ടുകാർ മുറവിളിയായി. വർഷങ്ങളോളമുള്ള മുറവിളികൾക്കൊടുവിൽ 1980-ൽ പാലം നിർമാണത്തിനുള്ള അനുമതി സർക്കാർ നൽകി. മുഖ്യമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയയാണ് പാലത്തിന് ശിലയിട്ടത്. ദ്രുതഗതിയിൽ പാലം നിർമ്മാണം പൂർത്തിയാക്കി. 1986 സെപ്റ്റംബർ 13-ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ പാലം നാടിന് സമർപ്പിച്ചു. ചേറ്റുവ പാലം വന്നതോടെ വാഹനയാത്ര സുഗമമായി.  ദീർഘദൂരയാത്ര സൗകര്യമായതോടെ ചാവക്കാറ്റിന്റെ മട്ടും രൂപവും മാറി. ചേറ്റുവ പാലം വഴി പോകുന്ന യാത്രക്കാർക്ക് എറണാകുളം വഴി തിരുവനന്തപുരം ഭാഗത്തേക്ക് എളുപ്പം എത്താമെന്നതിനാൽ ചേറ്റുവ പാലം വഴി വാഹനങ്ങളുടെ തിരക്കായി. ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ എളുപ്പം എത്താനും സാധ്യമായി. യാത്ര എളുപ്പവും സുഗമവും ആയതോടെ തൃശ്ശൂർ വഴി പോകുന്ന വാഹനങ്ങളും യാത്ര ചേറ്റുവ വഴിയാക്കി. ഇതോടെ ചാവക്കാടിന്റെ ചിത്രം മാറി. ചേറ്റുവ മിനി ഹാർബർ,. മുനക്കക്കടവ് ഫിഷ് ലാൻഡിങ്ങ് സെന്റർ, ഏങ്ങണ്ടിയൂർ, മുത്തേമാവ്, ഒരുമനയൂർ, ബ്ലാങ്ങാട്, ചാവക്കാട് എന്നീ പ്രദേശങ്ങൾ ചേറ്റുവ പാലം വന്നതോടെ വികസന പാതയിലേക്ക് കുതിച്ചു.



 ചാവക്കാടും ഗുരുവായൂരും

ഒരു വിളിപ്പാടകലെയുള്ള ഇരട്ട നഗരങ്ങൾ

 

 ചരിത്രപരമായ തെളിവുകൾ ഇല്ലെങ്കിലും ഗുരുവായൂരിന്റെ ഐതിഹ്യങ്ങൾക്ക് ഏകദേശം അയ്യായിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് കരുതി വരുന്നത്. ദ്വാരക നഗരം അതിന്റെ നാശത്തിനോടടുക്കുമ്പോൽ രണ്ടു ഋഷിവര്യൻമാരോട് ഭഗവാൻ ശ്രീകൃഷണൻ അവിടെയുള്ള ക്ഷേത്രത്തിലെ വിഗ്രം മാറ്റുവാൻ നിർദ്ദേശിക്കുകയും തുടർന്ന് ആ വിഗ്രഹം ഋഷിവര്യന്മാർ പ്രതിഷ്ഠിച്ചത് ഗുരുവായൂരാണെന്ന ഒരു വിശ്വാസവും നിലനിൽക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ തമിഴ് സാഹിത്യമായ 'കോകസന്ദേശത്തിൽ' "കുരുവായൂർ" എന്ന സ്ഥലത്തെ കുറിച്ച് പരാമർശിച്ചതായി കാണുന്നു. പതിനാറാം നൂറ്റാണ്ടിലെ പല ഗ്രന്ഥങ്ങളിലും കുരുവായൂരിനെ കുറിച്ച പറയുന്നുണ്ട്. പ്രാചീന ദ്രാവിഡത്തിൽ കുരുവായി എന്നാൽ കടൽ എന്നാണ്. ആയതിനാൽ കടലിനോടടുത്തുള്ള പ്രദേശം എന്ന നിലക്ക് കുരുവായൂർ എന്ന് പേർ വന്നതായും കരുതപ്പെടുന്നു. 1755-ൽ ഡച്ചുകാർ നശിപ്പിച്ച ത്രിക്കുണവായ് ശിവക്ഷേത്രത്തിന്റെ കീഴിലായിരുന്ന അപ്രസക്തമായിരുന്ന ഒരു അമ്പലമായിരുന്നു ഗുരുവായൂർ. ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും രേഖകളിൽ കാണുന്ന ത്രിക്കണമതിലകം, മതിലകം എന്നീ പ്രദേശങ്ങൾ ഗുരുവായൂർ രേഖകളിൽ കണ്ടു വരുന്ന ത്രിക്കുണവായ് ആണെന്നും ഇത് ഗുരുവായൂരിന്റെയും കൊടുങ്ങല്ലൂരിന്റെയും ഇടക്കുള്ള പ്രദേശവുമായിരുന്നുവെന്നും ചരിത്ര രേഖകൾ പറയുന്നു. ചന്ദ്രഗുപ്ത മൗര്യയുടെ കാലത്ത് (321-297 ബി. സി.) ബ്രാഹ്മണന്മാർ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് കുടിയേറിയതായ് ചരിത്രത്തിൽ കാണുന്നു. പ്രാചീനമായ രേഖകളിൽ ഗുരുവായൂരിനെ കുറിച്ച് അധികം പരാമർശിക്കുന്നില്ലെങ്കിലും പിന്നീട് മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ നാരായണിയത്തിലൂടെ ഗുരുവായൂരും ഗുരുവായൂർ അമ്പലവും ഇന്ത്യ മുഴുവൻ പ്രസ്ക്തമായി. 

 

ഗുരുവായൂർ അമ്പലം.  Image: Blogger

 ഗുരുവായൂർ ബസ് സ്റ്റാൻഡിൽ നിന്ന് ബസ് കയറി മിനിമം ചാർജ്ജ് കൊടുത്താൽ ചാവക്കാട് സ്റ്റാൻഡിൽ ഇറങ്ങാം. ഇങ്ങനെ മിനിമം ചാർജ്ജിൽ യാത്ര ചെയ്താലെത്താവുന്ന ദൂരത്തിൽ മറ്റൊരു നഗരസഭകളും ജില്ലയിൽ ഇല്ല. ഈ രണ്ട് നഗരസഭകളും ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ ഭാഗവുമാണ്. രണ്ടു നഗരസഭകളെ ഉൾകൊള്ളുന്ന മറ്റൊരു മണ്ഡലവും ജില്ലയിൽ ഇല്ല എന്നതും പ്രത്യേകതയാണ്. ഏത് അർത്ഥത്തിൽ നോക്കിയാലും തൃശൂർ ജില്ലയുടെ ഇരട്ട നഗരങ്ങളാണു ചാവക്കാടും ഗുരുവായൂരും.

ഗുരുവായൂർ അമ്പലകുളം. Image: Blogger

   ഈ രണ്ട് നഗരസഭകളുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഭരണസംവിധാനവുമെല്ലാം പരസ്പരം ഇഴചേർന്നു കിടക്കുന്നതാണ്. ഗുരുവായൂർ വില്ലേജിന്റെ അതിരന്വേഷിച്ച് നടന്നാൽ അത് എത്തിച്ചേരുക ചാവക്കാട് നഗരഹൃദയത്തിനടുത്താണ്. ഗുരുവായൂർ നഗരസഭയുടെ വലിയൊരു ഭാഗം ചാവക്കാട് വില്ലേജിലാണ്. 1962-ൽ ചാവക്കാട് പഞ്ചായത്തിന്റെയും കോട്ടപ്പടി പഞ്ചായത്തിന്റെയും ഭാഗങ്ങൾ കൂട്ടി ചേർത്താണ് ഗുരുവായൂർ ടൗൺഷിപ്പ് രൂപവൽക്കരിച്ചത്. അതുവരെ ഗുരുവായൂർ ക്ഷേത്രം ഉൾക്കൊള്ളുന്ന ഭാഗങ്ങൾ ചാവക്കാട് പഞ്ചായത്തിലായിരുന്നു. ചാവക്കാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്നു കേട്ടാൽ സ്കൂൾ ചാവക്കാട് നഗരസഭയിലാവും എന്നു കരുതുന്നവർക്കു തെറ്റി. ഗുരുവായൂർ നഗരസഭയിലാണ് ചാവക്കാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ. ഒരു കാലത്ത് ഗുരുവായൂരിന്റെ പ്രവേശന കവാടമായിരുന്നു ചാവക്കാട്. കനോലി ലനാലിലൂടെയുള്ള ജലപാതയും ടിപ്പു സുൽത്താൻ പട്ടാള റോഡും (ഇന്നത്തെ ചാവക്കാട്-പുതുപൊന്നാനി റോഡ്) എല്ലാമായിരുന്നു മലബാർ പ്രദേശത്തുള്ളവർക്ക് ഗുരുവായൂരിലെത്താനുള്ള പ്രധാന പാതകൾ. നാരായണീയം രചിച്ച സാക്ഷാൽ മേൽപത്തൂർ നാരായണ ഭട്ടതിരിവരെ ഗുരുവായൂരിലെത്തിയിരുന്നത് ഈ ജലപാതയിലൂടെയാണെന്ന് പറയുന്നു. ഇരു പട്ടണങ്ങളുടെയും ചരിത്രവും പരസ്പരം ഇഴപിരിക്കാനാവാത്തതാണ്. ഒരുകാലത്ത് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഭാഗമായിരുന്ന ചാവക്കാട്, ഗുരുവായൂർ പ്രദേശങ്ങൾ പിന്നീട് സാമൂതിരിയുടെ കീഴിലായി. ടിപ്പുവിന്റെ സൈനിക ആക്രമണം ഈ രണ്ടു മേഖലയിലും ഉണ്ടായിട്ടുണ്ട്. ടിപ്പുവിനെതിരെ പടപൊരുതിയെന്ന് വിശ്വസിക്കുന്ന ഹൈദ്രോസ്കുട്ടി മൂപ്പരുടെ ചരിത്രവുമായി ബന്ധിതമാണ് ഗുരുവായൂരിലെ എടപ്പുള്ളിയും ചാവക്കാട്ടെ മണത്തലയും. ഒരുകാലത്ത് പ്രദേശത്തെ ഏറ്റവും വലിയ ചന്തയായിരുന്നു കൂട്ടുങ്ങൽ ചന്ത. ഇന്നത്തെ ചാവക്കാട് പട്ടണത്തോട് ചേർന്ന കൂട്ടുങ്ങൽ ചന്തയുടെ അധികാരികൾ ഏറെക്കാലം പുന്നത്തൂർ കോവിലകമായിരുന്നു. ഇപ്പോൾ ഗുരുവായൂർ ആനത്താവളം നിൽക്കുന്ന സ്ഥലത്തെ കൊട്ടാരം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന നാടുവാഴികളാണ് പുന്നത്തൂർ നമ്പടിമാർ. ഗുരുവായൂരിലൂടെ ഒഴുകുന്ന വലിയ തോടിലൂടെ അങ്ങാടിത്താഴം ഭാഗത്തേക്ക് ചരക്കുകളുമായി വഞ്ചികൾ പോയിരുന്ന കാലവും ഉണ്ടായിരുന്നു. ഇരുപ്രദേശങ്ങളും ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായതും മദ്രാസ് സംസ്ഥാനത്തിലായതുമെല്ലാം ബ്രിട്ടീഷ് വാഴ്ച്ച ശക്തമായതിനു ശേഷമുള്ള ചരിത്രമാണ്.


ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ. Image: Blogger



ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ. Image: Blogger

     ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവൽക്കരണത്തിന്റെ ഭാഗമായി 1956-ൽ മലബാർ തിരുകൊച്ചിയുമായി കൂട്ടിചേർത്തപ്പോഴാണ് ചാവക്കാടും ഗുരുവായൂരും കേരളത്തിന്റെ ഭാഗമായത്. നേരത്തെ പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു ചാവക്കാടും ഗുരുവായൂരും. പൊന്നാനി പാലക്കാട് ജില്ലയോട് യോജിപ്പിച്ചെങ്കിലും ചാവക്കാട് ഗുരുവായൂർ പ്രദേശങ്ങൾ തൃശൂർ ജില്ലയോട് ചേർക്കുകയായിരുന്നു.

ഗുരുവായൂർ K S R T C ബസ് സ്റ്റാൻഡ്. Image: Blogger




പിന്നീട് മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ പൊന്നാനി മലപ്പുറത്തായി. ചാവക്കാട് ആസ്ഥനമായി താലൂക്ക് രൂപവത്കരിച്ചപ്പോൾ സ്വാഭാവികമായും ഗുരുവായൂർ അതിലുൾപ്പെട്ടു. ഇങ്ങനെ പരസ്പരം വേർതിരിച്ചു നിർത്താനാവാത്ത പൊക്കിൾകൊടി ബന്ധമാണു ഇരുപട്ടണങ്ങളും തമ്മിൽ നിലവിലുള്ളത്. 1970-ൽ ഗുരുവായൂർ ക്ഷേത്രത്തിന് തീ പിടിച്ചപ്പോൾ മണത്തല ജുമാമസ്ജിദിൽ അപകട അറിയിപ്പ് മുഴുക്കിയതും ആ പ്രദേശത്തു നിന്നും ആളുകൾ ക്ഷേത്രത്തിലെ തീകെടുത്താൻ ഓടിയെത്തിയെതുമെല്ലാം ഈ ചരിത്രപരമായ ബന്ധത്തിന്റെ തുടർച്ചയാണ്. കാലവും ചരിത്രവും ഇഴചേർന്നു കിടക്കുന്ന ഈ ഇരട്ടനഗരങ്ങൾക്ക് സമാനമായ മറ്റൊരു നഗരവും കേരളത്തിൽ തന്നെ ചൂണ്ടിക്കാട്ടാനാവുക എളുപ്പമല്ല.

മഞ്ഞിലാൽ. Image: Blogger


 ചാവക്കാട്: മത സംസ്കാരങ്ങളുടെ ദേശം


   ചരിത്രമുറങ്ങുന്ന നാടാണ് ചാവക്കാട്. നാട്ടുരാജാക്കന്മാരും പോർച്ചുഗീസുകാരും ഡച്ചുകാരും മൈസൂർ സുൽത്താന്മാരും ബ്രിട്ടീഷുകാരുമൊക്കെ അവരുടെ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ വേദികളിലൊന്നായിരുന്നു ചാവക്കാട്. ഒടുവിൽ ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാൻ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ചാവക്കാട്ടുകാർ അവരുടേതായ പങ്കുവഹിച്ചു. ചരിത്രപ്രസിദ്ധമായ ഉപ്പുസത്യഗ്രഹത്തിലും ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിലും ചാവക്കാടിന്റെ പ്രാതിനിധ്യം ഉണ്ടായി. നൂറ്റാണ്ടുകൾക്കു മുമ്പ് ജൂതന്മാർ കേരളത്തിൽ കുടിയേറിപ്പാർത്തപ്പോൾ അവരുടെ സങ്കേതങ്ങളിലൊന്നായി മാറിയത് ചാവക്കാട്ടെ പാലയൂരായിരുന്നു. ചരിത്രമുറങ്ങുന്ന ചാവക്കാട് മത സംസ്കാരങ്ങളുടെ സംഗമ ഭൂമി കൂടിയാണ്. ചാവക്കാടിനെ മത മൈത്രിയുടെ മരതക നാടാക്കി മാറ്റുന്നതിൽ മലിയ പങ്കു വഹിച്ച മൂന്ന് ആരാധനാലയങ്ങളാണ് ചാവക്കാട് വിശ്വനാഥ ക്ഷേത്രവും മണത്തല മസ്ജിദും പാലയൂർ മാർതോമാ തീർത്ഥാർത്താടനകേന്ദ്രവും.

വിശ്വനാഥ ക്ഷേത്രം

 

വിശ്വനാഥ ക്ഷേത്രം മണത്തല: Image: Blogger






 

ശ്രീനാരയണഗുരു 1908-ൽ തറക്കല്ലിട്ട ക്ഷേത്രമാണ് ചാവക്കാട് വിശ്വനാഥ ക്ഷേത്രം.  അയിത്തവും ദുരാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യപരിഷ്കരണ ശ്രമങ്ങളുടെ ഫലമായി കേരളീയ സമൂഹത്തിൽ  വിപ്ലാവാത്മകമായ പരിവർത്തനങ്ങളാണ് നടന്നത്. ഈ സമൂഹ്യപരിഷ്ക്കരണങ്ങളുടെ പ്രവർത്തനങ്ങളാണ് ചാവക്കാട് ശ്രീവിശ്വനാഥക്ഷേത്രം സ്ഥാപിക്കുവാൻ നിമിത്തമായതും. ജാതിഭേദമന്യേ എല്ലാവർക്കും ആരാധന നടത്താവുന്ന ഒരു ക്ഷേത്രം വേണമെന്ന ശ്രീനാരായണഗുരുവിന്റെ ആദർശനത്തിൽ ആകൃഷ്ടരായ ചാവക്കാട് നിവാസികളിൽ രൂഢമൂലമായപ്പോൾ അവർക്ക് നേതൃത്വം നൽകാൻ കഴിവുള്ള വിദ്യാസമ്പന്നരും ഉന്നത സ്ഥാനീയരുമായ പലരും ചാവക്കാട് ഉണ്ടായിരുന്നു. അവരുടെ ശ്രമഫലമായി 1908 ജനുവരി 12-ന് പൗരപ്രധാനികളായ കുറേ പേർ ചാവക്കാട് ഒത്തുചേർന്ന്, പഴയ പൊന്നാനി താലൂക്കിന് മുഴുവൻ പ്രാതിനിധ്യമുള്ള ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തി. കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി 18 ദേശങ്ങളിൽ നിന്നുള്ള 56 അംഗങ്ങളടങ്ങുന്ന ഒരു പ്രവർത്തക സമിതിയും രൂപീകരിച്ചു. ചെറായി രാവുണ്ണി പണിയ്ക്കർ, എ. പി. ബാലറാം, ചങ്ങരംകുമരത്ത് പാറൻ എന്നിവരായിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നത്.

ക്ഷേത്രത്തിനാവശ്യമായ സ്ഥലം വളവൂർ തറവാട്ടിലെ കാരണവർ കുഞ്ഞികൃഷ്ണൻ നായരിൽ നിന്നും  5 ഏക്കർ 46 സെന്റ് ഭൂമി 860 രൂപ വിലയ്ക്ക് ശ്രീ വിശ്വനാഥ ദാസ സമാജം സെക്രട്ടറിയുടെ പേരിൽ ജന്മം തീറായി വാങ്ങി. 1908 ഫെബ്രുവരി 13 ശിവരാത്രി നാളിൽ വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥാന നിർണ്ണയവും ശിലാസ്ഥാപനവും ശ്രീനാരായണ ഗുരു നടത്തി.  ഗുരുദേവ ശിഷ്യനായ ശിവലിംഗദാസൻ 1910 ഫെബ്രുവരിയിൽ ശിവരാത്രി നാളിൽ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി. 1918-ൽ സ്വാമികൾ ക്ഷേത്രപരിസരത്തുള്ള വിവേകാനന്ദ സത്രത്തിൽ സ്ഥിരതാമസമാക്കുകയും 1919 ജനുവരി എട്ടിന് സത്രത്തിൽ വച്ച് സമാധിയടയുകയും ചെയ്തു. സമാധി സഥലം ഇന്നും സംരക്ഷിക്കപ്പെട്ടുവരുന്നു. ഭാരതത്തിൽ ഏറ്റവും  വലുതെന്ന് കരുതപ്പെടുന്ന പത്തടി ഉയരമുള്ള ശിവലിംഗം, നന്ദികേശവിഗ്രഹം എന്നിവ ഭക്തജനങ്ങളെ ആകർഷിച്ച ക്ഷേത്ര പരിസരത്ത് സ്ഥിതി ചെയ്യുന്നു. ശിവരാത്രി നാളിൽ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന പത്തു ദിവസത്തെ ഉത്സവം ക്ഷേത്രകർമ്മങ്ങളാലും കലാ സാംസ്കാരിക പരിപാടികളാലും ശ്രദ്ധേയമാണ്.

ഗുരുദേവ ശിഷ്യനായ ശിവലിംഗദാസ  സ്വാമികളുടെ സമാധി മന്ദിരം. Image: Blogger


മണത്തല മസ്ജിദ്


  ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എ. ഡി 629-ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ടു. ശേഷം പത്തു വർഷത്തിനുള്ളിൽ നാൽപ്പതോളം പള്ളികളിൽ ഉണ്ടായതിൽ ഒന്നാണ് മണത്ത പള്ളി. ഏഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതാണെങ്കിലും മണത്തല പള്ളി പ്രസിദ്ധമാകുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നാടിനു വേണ്ടി പൊരുതി വീരചരമം പ്രാപിച്ച ഹൈദ്രോസ്കുട്ടി മൂപ്പരുടെ ഭൗതികാവശിഷ്ടം അവിടെ സംകരിക്കപ്പെട്ടതോടെയാണ്. ധീര രക്തസാക്ഷി ഹൈദ്രോസ്കുട്ടി മൂപ്പരുടെ സ്മരണക്കായി എല്ലാ വർഷവും മകരം 15-ന് നടത്തുന്ന മണത്തല ചന്ദനക്കുടം നേർച്ച  ചാവക്കാടിന്റെ ദേശീയോത്സവമാണ്. നേർച്ചയുടെ കൊടിയേറ്റ ചടങ്ങിൽ ചില ഹൈന്ദവ കുടുംബാംഗങ്ങൾക്കുള്ള ആചാരപരമായ പങ്കാളിത്തം മതമൈത്രിയുടെ സന്ദേശമാണ് നൽകുന്നത്.


പാലയൂർ തീർത്ഥകേന്ദ്രം

 



പാലയൂർ ക്രിസ്ത്യൻ പള്ളി. Image: Blogger

 
Image: Blogger


  ക്രിസ്തുശിഷ്യനായ സെന്റ് തോമസ് എ.ഡി 52-ൽ മുസിരിസ് തുറമുഖത്ത് കപ്പലിറങ്ങുകയും കേരളത്തിൽ ഏഴിടങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾ രൂപവൽക്കരിക്കുകയും ചെയ്തു. മാർതോമാശ്ലീഹാ കൊടുങ്ങല്ലൂരിലെ മുസിരിസിൽ നിന്ന് ജല മാർഗ്ഗം സഞ്ചരിച്ച് പാലയൂർ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തായി വഞ്ചിയിറങ്ങി എന്നാണ് ചരിത്രം പറയുന്നത്. ജൂതൻ കുന്നിലെ യഹൂദരെ സന്ദർശിക്കുവാനും സുവിശേഷം പ്രചരിപ്പിക്കുവാനുമായിരുന്നു ഈ യാത്രയുടെ ഉദ്ദേശം. കാലാന്തരത്തിൽ ഈ ജലമാർഗ്ഗം നികന്ന് കരയായി മാറി. തോമാശ്ലീഹാ വഞ്ചിയിറങ്ങിയ ഈ കടവ് ഇന്നും അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമ്മക്കായി സംരക്ഷിച്ചു വരുന്നു.

തോമാശ്ലീഹാ വഞ്ചിയിറങ്ങിയ ഈ കടവ് ഇന്നും അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമ്മക്കായി സംരക്ഷിച്ചു വരുന്നു. Image: Titto Palayur


ആദ്യ നൂറ്റാണ്ടുകളിൽ ഈ പ്രദേശത്ത് ജൈന മതവും ബുദ്ധ മതവും വ്യാപിച്ചിരുന്നു. ഇതോടൊപ്പം തന്നെ അക്കാലത്ത് നാട്ടുകാർക്കിടയിൽ സൂര്യാരാധനയും നിലനിന്നിരുന്നു. ഒരിക്കൽ മാർതോമാശ്ലീഹാ പാലയൂർ തളിയകുളത്തിൽ എത്തിയപ്പോൾ അവിടെ ചിലർ കുളി കഴിഞ്ഞ് കൈകുമ്പിളിൽ വെള്ളമെടുത്ത് ജപിച്ച് മുകളിലേക്ക് എറിഞ്ഞ് സൂര്യനെ ആരാധിക്കുന്നതായി കണ്ടു. തോമാശ്ലീഹാ ചോദിച്ചപ്പോൾ തങ്ങൾ തർപ്പണം ചെയ്ത് സൂര്യദേവനെ ആരാധിക്കുകയാണെന്ന് അവർ പറഞ്ഞു. "നിങ്ങൾ ജപിച്ചെറിയുന്ന വെള്ളം നിങ്ങളുടെ ദൈവം സ്വീകരിക്കുന്നില്ലല്ലോ, ഞാൻ വിശ്വസിക്കുന്ന ദൈവം ഞാൻ തർപ്പണം ചെയ്യുന്ന വെള്ളം സ്വീകരിക്കും" എന്ന് പറഞ്ഞ് തോമശ്ലീഹാ കൈകുമ്പിളിൽ വെള്ളമെടുത്ത് പ്രാർത്ഥിച്ച് മുകളിലേക്കെറിയുകയും ജലകണങ്ങൾ  നക്ഷത്രസമൂഹത്തെപോലെ ആകാശത്ത് തങ്ങി നിൽക്കുകയും ഈ അത്ഭുതം കണ്ടവരിൽ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം പറയുന്നത്. മറ്റൊരു വിഭാഗം ഈ പ്രദേശത്തെ ശാപക്കാട് (ചാവക്കാട്) എന്നു ശപിക്കുകയും "ഇനിയത്തെ കുളി വെന്മനാട്" എന്ന് പറഞ്ഞ് സ്ഥലം വിടുകയും ചെയ്തുവത്രെ. ചാവക്കാടിന് ഈ പേരു വീഴാൻ ഇങ്ങനെയും ഒരു ചരിത്രം ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ഇതേ തുടർന്ന് കള്ളി, കാളിക്കാവ്, പകലോമറ്റം, ശങ്കരപ്പുരി എന്നീ കുടുംബങ്ങളിലെ കാരണവന്മാർക്ക് തോമാശ്ലീഹാ പുരോഹിത പട്ടവും നൽകി എന്നും ചരിത്രത്തിൽ പറയുന്നു.

തളിയകുളം. Image: Titto Palayur

  ക്രിസ്തുശിഷ്യനായ സെന്റ് തോമസ്ശ്ലീഹ പാലയൂരിൽ കുരിശു സ്ഥാപിച്ചു എന്ന് കരുതുന്ന സ്ഥാനം.  Image: Blogger

  ഈ ഏഴിടങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. അവയിലൊന്നാണ് പാലയൂർ മാർതോമാ തീർത്ഥകേന്ദ്രം. ഇന്ന് പാലയൂർ തീർത്ഥകേന്ദ്രം വിശ്വപ്രസിദ്ധമായ ക്രസ്തവ തീർത്ഥാടന കേന്ദ്രമായി വളർന്നു. വിദേശികളും സ്വദേശികളുമായ തീർത്ഥാടകരും ടറിസ്റ്റുകളും നിത്യേനയെന്നോണം പാലയൂരിലേക്ക് പ്രവഹിക്കുന്നു. എല്ലാ വർഷവും ജൂലൈ മൂന്ന് മുതൽ പതിനഞ്ച് വരെ നീളുന്നതാണ് തീർത്ഥകേന്ദ്രത്തിലെ തിരുന്നാളാഘോഷം.

പാലയൂർ പള്ളിയുടെ അകത്തളം.  Image: Blogger
  വിശ്വനാഥക്ഷേത്രത്തിലെ ഉത്സവവും മണത്തല ചന്ദനക്കുടം നേർച്ചയും പാലയൂർ തീർഥകേന്ദ്രത്തിലെ തിരുനാളാഘോഷവും മതപരമായ ആഘോഷങ്ങൾ എന്നതിലുപരി മതസൗഹാർദ്ദത്തിന്റെ മഹോത്സവങ്ങളാണ്.

ഭാരത ക്രൈസ്തവ ചരിത്ര മ്യൂസിയം പാലയൂർ. Image: Titto Palayur


 പുന്നത്തൂർ ആനകോട്ട


 പുന്നത്തൂർ ആനകോട്ട: Image:  From Net
ചാവക്കാട് ടൗണിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ആന സംരക്ഷണ കേന്ദ്രമായ പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. നാടുവാഴികളായിരുന്ന പാതിരികുന്നത്ത് മന വകയായിരുന്നു മുമ്പ് പുന്നത്തൂർകോട്ടയും പരിസരവും. ക്രൂരനായ നാടുവാഴി പാതിരികുന്നത്ത് ഭട്ടതിരിയുടെ ദുർഭരണം സഹിക്കാനാവാതെ നാട്ടുകാർ, കാവീട് ദേശം ആസ്ഥാനമായ പുന്നത്തൂർ രാജാവിനെ സമീപിക്കുകയും രാജാവ് കോട്ടപ്പടിക്കടുത്ത് വച്ച് ഭട്ടതിരിപ്പാടിനെ വധിക്കുകയും ചെയ്തു എന്നാണ് ചരിത്രം. വധിക്കപ്പെട്ട ഭട്ടതിരിപ്പാടിന്റെ പാതി ആത്മാവ് പുന്നത്തൂർകോട്ടയുടെ സമീപത്തുള്ള ആലുക്കൽ ക്ഷേത്രത്തിലും പാതി ഭാഗം കോട്ടക്കകയ്ത്തുള്ള ക്ഷേത്രത്തിലും ലയിച്ചു എന്നുമാണ് ഐതിഹ്യം. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ ആക്രമണം പുന്നത്തൂർകോട്ടക്കു നേരെ ഉണ്ടായപ്പോൾ ആലുക്കൽ ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസ് പ്രത്യക്ഷപ്പെടുകയും ടിപ്പുവും സൈന്യവും ഭയന്നോടുകയും അങ്ങനെ കോട്ടയും കോട്ടപ്പടിയും രക്ഷപ്പെട്ടു എന്നും ചരിത്രം പറയുന്നു.

ആലുക്കൽ ക്ഷേത്രം.   Image: Blogger

നാടുവാഴിയുടെ പത്നിക്കല്ലാതെ പുന്നത്തൂർകൊട്ടാരത്തിൽ മറ്റു സ്ത്രീജനങ്ങൾക്ക് താമസിക്കാൻ അനുവാദമില്ലായിരുന്നു. കാവീട് ആസ്ഥാനമായ കൊട്ടാരത്തിലായിരുന്നു പുന്നത്തൂർകോട്ടയിലെ മറ്റു സ്ത്രീകൾ താമസിച്ചിരുന്നത്. ഭൂപരിഷ്ക്കരണ നിയമത്തിലും  ഓഹരി ഭാഗം വെയ്പ്പിലും  പുന്നത്തൂർകൊട്ടാരത്തിന്റെ പ്രതാപകാലത്തിന് അസ്ത്മയമായി. കേസിലും വ്യവഹാരത്തിലുമായ പുന്നത്തൂർ കോട്ട പിന്നീട് റിസീവർ ഭരണത്തിലായി. കൊട്ടാരത്തിലെ പിന്തലമുറക്കാർ വടക്കാഞ്ചേരി, ഒറ്റപ്പാലം, തൃശൂർ എന്നിവിടങ്ങളിലേക്ക് മാറി. നിലമ്പൂരുള്ള ഉണ്ണികൃഷ്ണ രാജയാണ് പുന്നത്തൂർ രാജവംശത്തിന്റെ ഇന്നത്തെ മുതിർന്ന കാരണവർ. പ്രശസ്ത പിന്നണി ഗായകനും ചലചിത്ര അഭിനേതാവുമായ കൃഷ്ണചന്ദ്രന്റെ വലിയച്ചനാണ് ഉണ്ണികൃഷ്ണരാജ.  

കോട്ടയിലെ എഴുത്തു കുത്തുകൾക്കായി ഉപയോഗിച്ചിരുന്ന ഓഫീസ്. ഈ വഴിക്കാണ് കോട്ടയ്ക്കു നേരെ ടിപ്പുസുൽത്താൻ ആക്രമണം നടത്തിയതായി കരുതി വരുന്നത്. Image: Blogger

 ഗുരുവായൂർ അമ്പലത്തിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള പുന്നത്തൂർ കോട്ട ഇന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളെ പരിപാലിക്കുന്ന 'ആനകോട്ട' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഭക്തർ വഴിപാടായി നടയിരുത്തുന്ന ആനകളെ സംരക്ഷിക്കുന്നത് പുന്നത്തൂർ കോട്ടയിലാണ്. ഗുരുവായൂർ അമ്പലത്തിന്റെ സമീപത്തുള്ള ശ്രീവത്സം എന്ന കോവിലകം മൈതാനത്തായിരുന്നു ആദ്യം ആനകളെ പാർപ്പിച്ചിരുന്നത്. ആനകളുടെ എണ്ണം അധികരിച്ചപ്പോൾ കോവിലകത്തുള്ള  പരിപാലനം പ്രയാസമായി തീർന്നു. പുന്നത്തൂർ രാജവംശം നിർമ്മിച്ച പുന്നത്തൂർകോട്ട  അവസാന നാടുവാഴിയായിരുന്ന ഗോദവർമ്മ വലിയ രാജയുടെ മരണത്തോടെ റിസീവർ ഭരണത്തിലാവുകയും  1975-ൽ ഗുരുവായൂർ ദേവസ്വം ഈ കോട്ട വാങ്ങുകയും തുടർന്ന് കോവിലകം മൈതാനത്ത് പരിപാലിച്ചിരുന്ന ആനകളെ പുന്നത്തൂർ കോട്ടയിലേക്ക് മാറ്റുകയും ചെയ്തു. ഒരുകാലത്ത് 86 ആനകളോളം ഇവിടെ പരിപാലിക്കപ്പെട്ടു പോന്നിരുന്നു. ഗുരുവായൂർ അമ്പലത്തിലെ മതാചാരാനുഷ്ട്ടാങ്ങൾക്കും മറ്റു ഉത്സവങ്ങൾക്കും  പങ്കെടുക്കുന്നതിനായി ഇവിടുത്തെ ആനകൾക്ക് പ്രത്യേക പരിശീലന മുറകൾ നൽകി വരുന്നു. ശ്രീകൃഷ്ണഭഗവാനോടുള്ള ആരാധന പ്രതീകമെന്ന നിലയിൽ ഇവിടെ വർഷം തോറും നടത്തറുള്ള  ഗജപൂജയും ആനയൂട്ടും പ്രസിദ്ധമാണ്. ആനകളിലെ ഇതിഹാസമായിരുന്ന ഗുരുവായൂർ കേശവൻ പുന്നത്തൂർ കോട്ടയിലാണ് കഴിഞ്ഞിരുന്നത്. പുന്നത്തൂർ രാജാവിന്റെതായിരുന്ന നാലുകെട്ട് ഇതിനുള്ളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിന്റെ തനതായ പാരമ്പര്യ രീതിയിൽ നിർമ്മിച്ച നാനൂറ് വർഷങ്ങളോളം പഴക്കമുള്ള ഈ നാലുകെട്ട്, കാലങ്ങളായി അറ്റകുറ്റപണികൾ കുറവായതിനാൽ നാശോന്മുഖമായ അവസ്ഥയിലാണ്.  ഈ നാലുകെട്ട് ഇന്ന് പാപ്പാന്മാർക്ക് പരിശീലനം നൽകുന്ന കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ഒരു  ശിവ-പാർവ്വതി ക്ഷേത്രവും പുന്നത്തൂർ കോട്ടയുടെ അകത്തളത്ത് സ്ഥിതി ചെയ്യുന്നു.

കുന്ദംകുളം-ചാവക്കാട് ഹൈവേയിൽ കോട്ടപ്പടിക്കടുത്ത് താഴ്ന്ന ജാതിക്കാരനായ ചക്കപ്പൻ എന്നയാളെ   പുന്നത്തൂർ രാജാവ് തൂക്കിലേറ്റിയതായി കരുതപ്പെടുന്ന സ്ഥലം. ഇന്ന് ഇത് ഹരിജനങ്ങളുടെ അമ്പലമാണ്. Image: Blogger


പുന്നത്തൂർ ആനകോട്ട ഇവിടെ ക്ലിക്ക് ചെയ്യുക..




വിവരങ്ങൾക്ക് കടപ്പാട് മാധ്യമം, മലയാള മനോരമ ദിനപത്രങ്ങൾ

    
 



ചാവക്കാടിന്റെ പ്രവാസകഥകൾ

ക്കരെ പച്ചയുണ്ടെന്ന് അവരോടാരും പറഞ്ഞിരുന്നില്ല. പെട്രോളിന്റെ മണമുള്ള പച്ചനോട്ടുകളുടെ ലോകമാണിനി വരാനുള്ളതെന്നും ഇക്കരെയെത്തിയാൽ സ്വർണ്ണം വാരാമെന്നും ആർഭാടജീവിതത്തിന്റെ അത്ഭുതലോകം സ്വന്തമാക്കാമെന്നും വാക്ക് നൽകി പ്രലോഭിപ്പിച്ച് അവരെയാരും അവിടേക്ക് ക്ഷണിച്ചിട്ടുമില്ല. എന്നിട്ടും അഞ്ജാതമായ പ്രേരണകൾ അവരെ അങ്ങോട്ട് ആകർഷിക്കുകയായിരുന്നു. വറുതിയുടെ ലോകത്ത് മുന്നോട്ടുള്ള പൊറുതിമുട്ടായിരുന്നു അതിജീവനത്തിന്റെ വഴി തേടാൻ അവരെ പ്രാപ്തരാക്കിയത്.
ആദ്യകാലത്ത് ഗൾഫിലെത്തിയവർക്ക് പറയാൻ ബാക്കിയുള്ളത് ഒരേ കഥമാത്രമാണ്. ആ ഒരു കഥയിൽ ഓരോരുത്തനും ഒരേ കഥാപാത്രമാണ്. പുന്നയൂർ എടക്കരയിലെ മുണ്ടന്തറ അപ്പു, കടപ്പുറം അഞ്ചങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിച്ചിരുന്ന കാവുങ്ങൽ അബ്ദുൽ ഖാദർ, എടക്കര അയ്യപ്പൻ കോടത്തയിൽ കുഞ്ഞിമുഹമ്മദ്, തിരുവത്ര ബീച്ചിലെ തണ്ണിത്തുറക്കൽ മൊയ്തുണ്ണി, എടക്കഴിയൂർ ജീലാനി റോഡിലെ പണ്ടാരത്തിൽ അബൂബക്കർഹാജി തുടങ്ങിയവരെ കാലം കൊണ്ടെത്തിച്ചത് ആ കഥാപാത്രങ്ങളാവാനാണ്.
പലരും വീടിറങ്ങിയത് വിധിയിലുറച്ചാണ്. മരണമാണ് വിധിയെങ്കിൽ മരണം. മൊയ്തുണ്ണിയെ പോലെ ആദ്യകാല പ്രവാസികളിലേറേയും വീട്ടിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. കടൽ കടക്കാൻ ബോംബയിലെത്തി കോളിവാട, വിജയദൂർ പോലെയുള്ള തീരത്ത് നിന്ന് പുറപ്പെട്ടവരായിരുന്നു അപ്പുവും കുഞ്ഞിമുഹമ്മദും അബൂബക്കർ ഹാജിയും.
വാർധക്യത്തിന്റെ ഉത്തര ഘട്ടത്തിലെത്തി നിൽക്കുന്ന അപ്പു (ജനനം-1928) പലതും മറന്നു തുടങ്ങി. ആദ്യത്തെ യാത്രപോലും. വർഷം കൃത്യമായി ഓർക്കാനാവുന്നില്ലെങ്കിലും നാട്ടിൽ കമ്മ്യൂണിസ്റ്റുകാരെ തിരഞ്ഞ് പോലീസ് നടക്കുന്ന കാലത്താണെന്നും ആദ്യത്തെ ഇ. എം. എസ് മന്ത്രിസഭ അധികാരത്തിൽ വരുന്നതിന് മുമ്പാണെന്നും കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അപ്പു ഓർക്കാൻ ശ്രമിച്ചു നോക്കി. കാവുങ്ങൽ അബ്ദുൽ ഖാദർ ഗുജറാത്തിൽ നിന്ന് പുറപ്പെട്ടത് 1960-ന്റെ തുടക്കത്തിൽ. കുഞ്ഞിമുഹമ്മദ് ഈറാനികളുടെ ലോഞ്ചിയിൽ 400 രൂപ നൽകി കയറുന്നത് 1966ലായിരുന്നു. മൊയ്തുണ്ണി 1968-ൽ കോഴിക്കോട് നിന്നും, 1969-ൽ അബൂബക്കർ ഒരു വർഷം ബോംബയിൽ നിന്ന ശേഷവുമാണ് ലോഞ്ചിൽ കയറുന്നത്.
കടലിന്റെ ചൊരുക്കിൽ കള്ള ലോഞ്ചുകളാടിയുലയുമ്പോൾ ഛാർദ്ദിച്ചു തുടങ്ങിയവർ, തിരമാലകളുടെ ഭീകരതയറിയും മുമ്പെ തിരികെ തീരമണയാൻ വാശിയോടെ കരഞ്ഞാർത്തവർ...ലോഞ്ചുകാരുടെ എതിർപ്പിനു പലപ്പോഴും ശക്തിയുണ്ടാകുമായിരുന്നില്ല. തൊഴിലാളികളെക്കാൾ എണ്ണത്തിൽ കൂടുതൽ യാത്രക്കാരാണ്. തിരികെ ഏതെങ്കിലും തീരത്തിറക്കിയില്ലെങ്കിൽ കാറ്റിന്റെ ബലത്തിൽ മുന്നോട്ടോടുന്ന ലോഞ്ചിന്റെ പായകൾ കുത്തിക്കീറാനും കൊടിമരങ്ങൾ തകർക്കാനും മടിക്കാത്ത ജീവന്മരണ സമരത്തിലായിപ്പോകുന്നു. നേരത്തെ തന്നെ അരയിൽ മലപ്പുറം കത്തി വെച്ച് നടക്കുന്നവരായതിനാൽ കത്തിയുടെ മുമ്പിൽ മൊയ്തുണ്ണി കയറിയ ലോഞ്ചി ഗുജറാത്ത് തീരത്തെക്ക് തിരിച്ചു വിടാൻ നിർബന്ധിതരായി.
പിന്നെയും യാത്ര തുടരുകയാണ്. എന്തു വന്നാലും സഹിക്കാൻ തയ്യാറായവരുടെ യാത്ര. കടൽ യാത്രയിൽ മുന്നനുഭവങ്ങളില്ലാത്തവരുണ്ട്. ആദ്യമായി കടൽ യാത്രക്കിറങ്ങിയ പലരുടെയും ജീവൻ പൊലിയാൻ അധികം സമയം വേണ്ടി വന്നില്ല... കടൽ ചൊരുക്കിൽ പതഞ്ഞു പൊങ്ങിയ ഛർദ്ദിയായിരുന്നു ആദ്യ ശത്രു. മരണം സംഭവിക്കുകയാണ്, കൺമുന്നിൽ...! ഒന്നിനു പിറകെ മറ്റൊന്ന്....!! മരിച്ചവരുടെ തുണിക്കെട്ട് തുറന്നെടുത്ത് മരണക്കോടിയാക്കി പലകയിൽ വെച്ച് കല്ലു കെട്ടിത്താഴ്ത്തുമ്പോഴും വിധിയിലടിയുറച്ച് വിശ്വസിച്ച് അവർ പിന്നോട്ട് പോയില്ല.
  •  ആഴക്കടലിൽ കൂറ്റൻ തിരമാലകൾ ആയിരം പത്തികൾ വിടർത്തിയാടിയെത്തുമ്പോൾ അടിത്തട്ട് പൊളിഞ്ഞടർന്ന് മുങ്ങിപ്പോയ എത്രയോ ലോഞ്ചികൾ....രക്ഷപ്പെടുന്നവർ വിരളം....അബൂബക്കർഹാജി ഇങ്ങനെ രക്ഷപ്പെട്ടയാളാണ്. കൂടെയുണ്ടായിരുന്ന 111 പേരിൽ 45 പേരാണ് രക്ഷപ്പെട്ടത്. കാറ്റിലുയർന്ന തിരമാലകൾക്കൊപ്പം കടലിലും പാറക്കെട്ടിലുമായി അടിച്ചു തകരുന്നതിനിടെ കടലിന്റെ അഗാധമായ അടിത്തട്ടിലേക്ക് കൂടെയുണ്ടായിരുന്നവർ താഴ്ന്ന് പോകുമ്പോൾ ലോഞ്ചിയുടെ ഉപരിതലത്തിലേക്ക് കയറിപ്പറ്റാനുള്ള വെപ്രാളത്തിലായിരുന്നു അബൂബക്കറും കൂട്ടരും....കടലിനടിയിലേക്ക് താഴ്ന്ന് പോയവർക്ക് പൊങ്ങിവരാനാകുമായിരുന്നില്ല. ലോഞ്ചിക്കകത്തുണ്ടായിരുന്ന വലയിൽ കുടുങ്ങി വലക്കൊപ്പമുള്ള ഭാരമേറിയ കല്ലുകൾക്കൊപ്പമാണവർ താഴ്ന്ന് പോയത്.
  •  ബ്രിട്ടീഷുകാരുടെ കീഴിൽ റാസൽഖൈമയും ഫുജൈറയും ഉമ്മൽഖുവൈനും ഷാർജയും അലൈനും ദുബൈയും അബുദാബിയും വെവ്വേറെ രാജ്യങ്ങളായി ഗൾഫ് ട്രൂഷ്യൽ സ്റ്റേറ്റുകളായി നിൽക്കുന്ന കാലം. 1971-ലാണ് യു. അ.ഇ. പിറക്കുന്നത്. അബൂബക്കറിനു രക്ഷയായത് ബ്രിട്ടീഷ് നാവിക ബോട്ടെത്തിയതോടെയാണ്. രക്ഷാപ്രവർത്തനം ദുഷ്ക്കരമായതോടെ പൊങ്ങിനിന്ന ലോഞ്ചിലേക്ക് എറിഞ്ഞു കൊടുത്ത കയറിൽ കെട്ടി വലിച്ചാണ് അതിൽ അള്ളിപ്പിടിച്ച യാത്രക്കാരെയും കൊണ്ട് ബ്രിട്ടീഷ് ബോട്ട് നീങ്ങിയത്. കുറച്ചേ നീങ്ങേണ്ടിയിരുന്നുള്ളൂ. അപ്പോഴേക്കും കരയെത്തി. 
  • ഒരേ കടലിൽ ഒരേ ലക്ഷ്യവുമായി പുറപ്പെട്ടവർ....തീരമണയും മുമ്പേ തിരയെടുത്തവർ....ഗൾഫിന്റെ നിഴൽ ദൃശ്യമായതിന്റെ ആർപ്പുവിളികളിലും മരണത്തിന്റെ കണക്ക് പുസ്തകം അടയാതെ വെച്ചിരിക്കുകയായിരുന്നു. മൊയ്തുണ്ണിയോടൊപ്പം കോഴിക്കോട് നിന്ന് പുറപ്പെട്ടവരിൽ അന്നത്തെ പത്താം ക്ലാസുകാരനായൊരു വിദ്യാർത്ഥിയുണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിപ്പയ്യൻ. സ്കൂളിലേക്കുള്ള യാത്രയാണ് മാറ്റിമറിച്ച് ഗൾഫിലേക്കാക്കിയത്. വൃത്തിയായി അടക്കിയ അവന്റെ പുസ്തകങ്ങൾ റബറിട്ട് ബന്ധിച്ച് അതും കയ്യിൽ പിടിച്ചാണ് ലോഞ്ചിൽ കയറിയത്. പ്രതികൂലമായ കാലാവസ്ഥകളിലെല്ലാം ധൈര്യത്തോടെ അവൻ പിടിച്ചു നിന്നു. കരയോടടുക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ പതിനെട്ട് ദിവസത്തെ കരകാണാത്ത യാത്രയിൽ ഭക്ഷണത്തിന്റെ അഭാവം അവനെ തളർത്തി. ഭക്ഷണമുള്ളപ്പോഴും അവൻ കുറച്ചെ കഴിച്ചിരുന്നുള്ളു. കരയുടെ കരിനിഴൽ കാണാറായപ്പോൾ അവനും ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി...പൊടുന്നനെ വന്ന ചർദ്ദിയിൽ ആ മുഖത്തെ കണ്ണുകൾ ആരിലുമെത്താതെ ചിമ്മിയടഞ്ഞു. ക്രൂരഭാവത്തോടെ പെരുമാറുന്ന ലോഞ്ച് ജീവനക്കാർപോലും കരഞ്ഞു പോയി. കൂട്ടക്കരച്ചിലുകൾക്കിടയിലാണ് ചേതനയറ്റ ശരീരത്തിൽ അവനെപ്പോഴും നെഞ്ചടക്കിപ്പിടിച്ച പുസ്തകക്കെട്ട് വെച്ച് കടലിൽ കെട്ടിത്താഴ്ത്തിയത്...
  •  കോഴിക്കോടു നിന്നും ബോംബയിൽ നിന്നും ഗുജറാത്തിൽ നിന്നും പുറപ്പെട്ട് അന്നന്നത്തെ അന്നം പ്രഥമ ലക്ഷ്യമാക്കിയുള്ള അവരുടെ യാത്ര ഖോർഫുക്കാനും റാസൽഖൈമയും ഫുജൈറയും ആ നാടുകളുടെയൊക്കെ പരിസര ഭാഗങ്ങളിലേക്കുമായിരുന്നു എത്തിച്ചേർന്നത്. കരയിലടുപ്പിക്കാതെ കരക്കെത്തും മുമ്പെ കടലിൽ ചാടി നീന്തിയിട്ട് വേണം കര പിടിക്കാൻ...മുമ്പെ എത്തിയവരുടെ മായാത്ത കാലടയാളം നോക്കി തോക്കിന്റെ തിര തുപ്പുന്ന കുഴലുകളറിയാതെ പമ്മിയും പതുങ്ങിയുമുള്ള പിന്നീടുള്ള യാത്ര പ്രവാസികളുടെ അതിജീവനത്തിന്റെ ചരിത്രമാണ്.
       ആദ്യകാല പ്രവാസികളുടെ മൂന്നാം തലമുറക്ക് വഴിയൊരുക്കി നാട്ടിൽ തിരിച്ചെത്തിയ ഏറെ പേരും സാമ്പത്തികമായി അഭിവൃദ്ധിയിലെത്തിയവരല്ല. ആണ്മക്കളെ ഗൾഫിലെത്തിക്കാനായി, പെങ്ങമാരെയും പെണ്മക്കളെയും കെട്ടിച്ചയക്കാനും....വിചാരിച്ചപോലെ ഒന്നും നേടാനായില്ലെന്ന ധ്വനിയുമായി നെടുവീർപ്പുകളിൽ അവർ പ്രവാസത്തിന്റെ കയ്പുനീരിനെ ഒതുക്കുന്നവർ.
  •  ഗൾഫിലെത്തി തിരിച്ചു വരുന്നതിനിടയിലും ദുരന്തമനുഭവിച്ചവരുണ്ട്. നാട്ടിലേക്ക് വരാനുള്ള യാത്രക്കു മതിയായ രേഖകളില്ലാത്ത കാലം. അബുദാബിയിൽ നിന്ന് പുറപ്പെട്ട അബ്ദുൽ ഖാദറിനെ ദുബൈയിൽ വച്ച് പിടികൂടിയ ശേഷം കടൽ മാർഗ്ഗം കയറ്റി അയച്ചത് പാക്കിസ്ഥാനിലേക്കായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം നടക്കുന്ന സമയത്ത് പാക്കിസ്ഥാൻ തീരത്തെത്തിയ അബ്ദുൽ ഖാദർ ഇന്ത്യൻ ചാരനായി പിടിക്കപ്പെട്ടു. യുദ്ധം കഴിഞ്ഞ ശേഷം തടവുകാരെ പരസ്പരം മാറുമ്പോഴാണ് അദ്ദേഹത്തിനും മോചനം കിട്ടിയത്. യുദ്ധത്തിന്റെ ഓരോഘട്ടത്തിലും ജയിലിൽ ഖാദർ ഉൾപ്പെടെയുള്ള തടവുകാർക്ക് കടുത്ത പീഡനമാണ് നേരിടേണ്ടി വന്നത്. നാട്ടിലെത്തി വീണ്ടും യാത്ര ഒമാനിലേക്ക്. നാൽപ്പതു കൊല്ലത്തെ പ്രവാസജീവിതത്തിന്റെ ഓർമ്മകളുമായി ഖാദർ ഇപ്പോൾ താമസിക്കുന്നത് എടക്കഴിയൂർ സീതി സാഹിബ് ഹൈസ്കൂൾ റോഡിലെ ഒറ്റമുറി പീടികയിൽ. നാട്ടുകാരുടെയും സമീപവാസികളുടെയും കാരുണ്യത്തിൽ ഒറ്റക്കൊന്നു എഴുന്നേൽക്കാൻ പോലും കഴിയാത്ത രിതാപകരമായ അവസ്ഥയിൽ. സ്വന്തമായുള്ളതൊക്കെ കയ്യിലാക്കിയ ശേഷം സ്വന്തം എന്നു കരുതിയവർ പുറത്താക്കിയതായിരുന്നത്രെ ഈ മനുഷ്യനെ. വാത സംബന്ധമായ അസുഖത്തിന്റെ പിടിയിലായ ഖാദർ കാൽ തെറ്റി വീണതാണ് നടക്കാൻ പ്രയാസമായത്. ഒരു വിധം ഭേദപ്പെട്ട് വരുന്നതിനിടെ ഈയിടെ വീണ്ടും വീണു. ഖാദറിനെകുറിച്ച് മീഡിയ വൺ ടിവിയിൽ റിപ്പോർട്ട് വന്നപ്പോൾ കോഴിക്കോട് കാപ്പാടുള്ള മനുഷ്യ സ്നേഹികൾ അവരുടെ സ്ഥാപനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചതാണ്. എന്നാൽ ഇനിയൊരു പ്രവാസം വേണ്ട എന്ന നിലപാടിലാണ് അദ്ദേഹം. 
  • മണ്ണ് ചുമന്നും മണ്ണണ്ണ വിറ്റും പാചകപ്പണിയെടുത്തും ഉണ്ടാക്കിയ സമ്പാദ്യം കൊണ്ടു പടുതുയർത്തിയ സൂപ്പർമാർക്കറ്റിന്റെ ഉടമസ്ഥനായിരുന്നു കുഞ്ഞിമുഹമ്മദ്. അറബി വെറുതെ നൽകിയ സ്ഥലത്ത് തുടങ്ങിയതായിരുന്നു ഇത്. അക്കാലത്തെ ഒരൊറ്റ സൂപ്പർമാർക്കറ്റ് മതി പടർന്നു പന്തലിക്കാൻ. കള്ളവും ചതിയുമില്ലാത്ത കാലത്തെ ഗൾഫിലെ ആദ്യ സംഭവങ്ങളിലൊന്നായിരുന്നു ഷാർജയിലെ ഹസാനയിലെ മർവാൻ സൂപ്പർമാർക്കറ്റുടമക്ക് നേരിട്ട അനുഭവം. ചെറിയ പാർട്ട്ണർമാരായി കൂടെ നിന്ന രണ്ടു പേർ ഭീഷണി മുഴക്കി സൂപ്പർമാർക്കറ്റ് കൈക്കലാക്കിയപ്പോൾ കുഞ്ഞിമുഹമ്മദ് പതറിപ്പോയി. കഠിനാധ്വാനം ചെയ്യാനുള്ള കൈക്കരുത്തും ആർത്തിരമ്പുന്ന ആഴിത്തിരമാലകളെപോലും വകവെക്കാത്ത മനക്കരുത്തും കൈമുതലുണ്ടായ ആദ്യകാല പ്രവാസികൾ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറവിലാണ് ചൂഷണം ചെയ്യപ്പെട്ടത്. അങ്ങനെ മാത്രമെ അവരെ തകർക്കാനാകൂ. പിന്നെയും കുഞ്ഞിമുഹമ്മദ് കൂലിപ്പണിക്കാരനായി. വടക്കെക്കാട്ടെ എം. വി. കുഞ്ഞിമുഹമ്മദ് ഹാജി രക്ഷകന്റെ രൂപത്തിലെത്തി. ഹമരിയ മാർക്കറ്റിലെ തന്റെ ജലീൽ ട്രേഡേഴ്സിൽ സംരക്ഷിക്കുകയായിരുന്നു.
  • എടക്കഴിയൂരിൽ സിവിൽ എഞ്ചിനീയറായ മകന്റെ ഓഫീസിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ സഹായിച്ചു നിൽക്കുകയാണ് ചെറിയ ഓട് വീടിന്റെ മുതലാളിയായ അബൂബക്കർഹാജി. ഗൾഫിലെ ജീവിതം കൊണ്ട് തനിക്കും ഭാര്യക്കും ഹജ്ജിനു പോകാനുള്ള അവസരമുണ്ടാക്കിയ സംതൃപ്തിയിലാണ് ഇദ്ദേഹം.
       1960 മുതൽ ചാവക്കാട്ടെ സബ്ജയിലിനു മുമ്പിലെ ഏനുദ്ദീൻക്കാടെ കെട്ടിടത്തിലെ തയ്യൽക്കടയിലെ തൊഴിലാളിയായിരിക്കെയാണ് അബൂബക്കറിനു നാട് വിടാനുള്ള ഉൾവിളി ഉണ്ടായത്. ദുബായിലെ ഇന്റെർ നാഷ്നൽ കോണ്ടിനെന്റൽ ഹോട്ടലിലെ ലോണ്ട്രിയിലായിരുന്നു ആദ്യത്തെ നാല് വർഷം.
     അബൂദാബി പ്രതിരോധ വകുപ്പിലാണ് മൊയ്തുണ്ണിയെത്തിയത്. തുടക്കം മുതൽ പിരിഞ്ഞുവരുന്നതു വരെ ഇതേ വകുപ്പിൽ പാചകക്കാരനായിരുന്നു.
  • വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടില്ലെങ്കിലും ഇവരൊക്കെ അറബിനാട്ടിൽ കാട്ടിയ ആത്മാർഥതയുടെയും അർപ്പണ ബോധത്തിന്റെയും അറബികളിലുണ്ടാക്കിയ മതിപ്പുമാണ് പിൽക്കാല തലമുറക്ക് ആ നാട്ടിലെ പച്ചപ്പു തേടിയെത്തിയപ്പോൾ പിൻബലമായത്. ആ നാട്ടിൽ പെട്രോളിന്റെ ഗന്ധമുള്ള പച്ചനോട്ടും കൈ നിറയെ വാരിയെടുക്കാൻ സ്വർണ്ണം മാത്രമല്ല അവസാനിക്കാത്ത സ്വപനങ്ങളുടെ പറുദീസയുണ്ടെന്നും മലയാളികളോടു പറഞ്ഞു തന്നത് ആദ്യകാലത്തെ ഈ പ്രവാസികളായിരുന്നു. ജീവൻ അവഗണിച്ചുള്ള അവരുടെ ലോഞ്ച് യാത്രകാളാണ് പട്ടിണിയേയും ദരിദ്ര്യത്തെയും ഇല്ലായ്മ ചെയ്ത് ഇന്നു കാണുന്ന സർവപുരോഗതികളുടെയും അടിസ്ഥാന ശിലയായത്....അവരെ ആദരിക്കേണ്ടതുണ്ട് സ്വന്തം മനസ്സിലെങ്കിലും.                              

ഗൾഫിനു മുന്നെ 

   ഇന്നത്തെ ഗൽഫിനു പകരം പണ്ടൊക്കെ മലയാളികൾ, പ്രത്യേകിച്ച്   ചാവക്കാട്ടുകാർ ആശ്രയിച്ചിരുന്നത് മലായിയെയും സിലോണിനെയുമായിരുന്നു. ഒന്നാം ലോകമഹാ  യുദ്ധം തുടങ്ങിയ 1914-നേക്കാൾ മുമ്പേ ഈ നാടുകളിൽ പ്രവാസികളായി മലബാറുകാർ എത്തിയിരുന്നു. മദ്രാസ്‌ വഴി കപ്പൽ മാർഗമായിരുന്നു   മലായയിലേക്കുള്ള പ്രവേശം. റജുല, ബിന്നി ആൻഡ്‌ കമ്പനി, സ്റ്റേറ്റ് ഓഫ് മദ്രാസ്‌ എന്നീ നാമങ്ങൾ  യാത്രികർക്ക്‌ പ്രസിദ്ധമായ കപ്പലുകളുടെതാണ്. ചിദംബരം എന്ന എന്ന ഒരു കപ്പലുണ്ടായിരുന്നു.  മലേഷ്യയിൽ നിന്ന് നിറയെ യാത്രക്കാരുമായി ഇന്ത്യയിലേക്കു വരുന്നതിനിടെ ചിദംബരം വൈദ്യുതി ലൈനിലുണ്ടായ തകരാറ് മൂലം തീ പിടിച്ച് കടലിൽ മുങ്ങി. നിരവധി യാത്രക്കാരാണ് ഈ ദുരിന്തത്തിൽ മരിച്ചത്.

   ഫെഡറേഷൻ ഓഫ് മലായ ആൻഡ് സിംഗപ്പൂർ എന്ന പേരിൽ മലായയും സിംഗപ്പൂരും 1957-വരെ ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു. 1957 ആഗസ്റ്റ്‌  അർദ്ധരാത്രി 12 ന് വെള്ളക്കാരന്റെ മേൽക്കോയ്മയുടെ പതാക താഴുന്ന അസുലഭ മുഹൂർത്തതിനു സാക്ഷിയായ എം. സി. മൊയ്തുട്ടി എന്ന അണ്ടത്തോട് ആനൊടിയിൽ മോയ്തുട്ടിഹാജിക്ക് അന്ന് പതിനഞ്ചു വയസ്സ് പൂർത്തിയായിട്ടെയുള്ളു. നാടും നഗരവും മെഴുകുതിരി കത്തിച്ച് ആമോദത്തിമർപ്പിൽ നൃത്തം വെച്ച നേരം മലായ മലേഷ്യയിലേക്ക് കൂടുമാറി. ബ്രിട്ടീഷ് പതാക താഴ്ത്തുമ്പോൾ അർദ്ധ ചന്ദ്രനൊപ്പം പ്രകാശിക്കുന്ന താരകവും അടയാളപ്പെടുത്തിയ മലേഷ്യയുടെ ദേശിയ പതാക  വാനിലേക്കുയരുന്ന കാഴ്ച്ച ഇന്നും അദേഹത്തിന്റെ ഒളിമങ്ങാത്ത ഓർമ്മയാണ്.

പതിമൂന്നാം വയസ്സിലാണ് മോയ്തുട്ടി മദിരാശിയിൽ നിന്ന് കള്ള ലോഞ്ചിൽ കയറി മലായയിലേക്ക് പുറപ്പെട്ടത്‌. എത്തിച്ചേരേണ്ട കരയിൽ കാത്തിരിക്കുന്ന വരും വരായ്കകളുടെ ആധി അദ്ദേഹത്തിനുണ്ടായിരുന്നില്ല. അണ്ടത്തോട് ഗവ. യു.  പി. സ്കൂളിൽ നിന്ന് മലായൻ സ്കൂളിലേക്കുള്ള വെറുമൊരു  സാധാരണ യാത്രയായിരുന്നു  അത്. മോയ്തുട്ടിയുടെ ഉപ്പ ആനൊടിയിൽ മുഹമ്മദ്‌ കുട്ടി ഹാജി അവിടെ ഉണ്ട്. അവിടെ ഈറ്റിങ്ങ് സ്റ്റാൾ - റെസ്റ്റോറന്റിന്റെ പഴയ രൂപം- നടത്തുന്ന അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പെ എത്തിയ പ്രവാസിയാണ്. കൂടെ താമസിപ്പിച്ച് പഠിപ്പിക്കാനാണ് അദ്ദേഹം മോയ്തുട്ടിയെ മലായയിലേക്ക് കൊണ്ടുവന്നത്.

  ബ്രിട്ടീഷ്കാലത്തെ സ്കൂൾ പഠനത്തിൽ മലായക്കാരുടെ മാതൃഭാഷ പാഠ്യവിഷയമായി ഉൾക്കൊള്ളിച്ചിരുന്നില്ലെന്നു മോയ്തുട്ടി ഹാജി  ഓർക്കുന്നു. സ്വാതന്ത്ര്യത്തിനു  ശേഷമാണ തുണ്ടായത്. അക്കാലത്ത് റോമൻസ് മലയ, ജാവി എന്നിങ്ങനെയുള്ള രണ്ടു ശൈലികളിലാണ് മലയ  എഴുതിയിരുന്നത്.റോമൻസ് മലയയിലെ എഴുത്ത് ഇംഗ്ലീഷും, ജാവിയിൽ അറബിയിലുമാണ്. വായിക്കുമ്പോൾ മാത്രം  മലയയിലും.

മലേഷ്യയിൽ ആദ്യകാലത്തെ പ്രവാസികളിൽ  പലരും ഉപ്പയുമായി അടുപ്പമുള്ളവരായിരുന്നുവെന്ന് മോയ്തുട്ടി ഹാജി ഓർക്കുന്നു. എടക്കഴിയൂരിലെ അയ്യത്തയിൽ മുഹമ്മദ്‌ എന്ന കിളാംഗ് മുഹമ്മദ്‌ (മലേഷ്യയിലെ കിളാംഗിലായിരുന്ന ഇദ്ദേഹത്തിന്റെ മകനാണ് കെ. പി. സി. സി. അംഗം എം.  വി. ഹൈദരലി), പാലപ്പെട്ടി ബീരാവു, തിരൂരിലെ സിറ്റി ഹോട്ടൽ സ്ഥാപകൻ മൊയ്തീൻകുട്ടി ഹാജി തുടങ്ങിയവർ. പുന്നയൂർ കുഴിങ്ങര സ്വദേശിയും മുസ്ലീംലീഗ് സംസ്ഥാന പ്രവർത്തക സമതിയംഗവുമായ പി. കെ. ആദ്യ മലേഷ്യൻ യാത്ര ഉപ്പയോടൊപ്പമായിരുന്നുവെന്ന് മോയ്തുട്ടി ഹാജി ഓർക്കുന്നു.   


 തീരാത്ത പ്രവാസ കഥകളുടെ നാട്
  
  ലോകത്തെവിടെ ചെന്നാലും അവിടെ ഒരു ചാവക്കാട്ടുകാരൻ ഉണ്ടാകുമെന്ന് തമാശയായി പറയാറുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ കെ. ആർ. വിനയൻ ഒരിക്കൽ പോർട്ട്ബ്ലയറിൽ നിന്ന് മൂന്ന് ദ്വീപുകൾ കടന്ന് വിദൂരമായ ഒരു സ്ഥലത്ത് ഒറ്റക്കിരിക്കുകയായിരുന്നു. അപ്പോഴാണ് അവിടെ ചെറിയ ഒരു കടയും കടക്കാരനെയും ശ്രദ്ധിച്ചത്. ചായ കിട്ടുമോ എന്ന് ചോദിച്ചപ്പോൾ മലയാളത്തിൽ മറുപടി. ആളൊരു ചാവക്കാട്ടുകാരൻ. അബ്ദുൽ റഹിമാൻക്ക!. ആന്തമാനിലും നാഗാലാൻഡിലും ലക്ഷ്വദീപിലും എവിടെയും ചാവക്കാട്ടുകാരുണ്ട്. ഇന്ത്യക്ക് വെളിയിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ചാവക്കാട്ടുകാരുടെ സാന്നിധ്യം എല്ലാകാലത്തുമുണ്ടായിട്ടുണ്ട്.
 

പഴയ മലബാറിലെ ചെറിയൊരിടം മാത്രമാണ് ചാവക്കാട് അഥവാ കൂട്ടുങ്ങൽ. പരമ്പരാഗത മത്സ്യതൊഴിലാളികളും കർഷക തൊഴിലാളികളും ജനസംഖ്യയിൽ ഭൂരിപക്ഷം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബീഡിതെറുപ്പും ഉണ്ടായിരുന്നു. ജീവിതത്തിന്റെ പ്രാരാബ്ദ്ങ്ങൾ ചാവക്കാട്ടുകാരെ കടലുകടക്കാൻ പ്രേരിപ്പിച്ചു. സിലോണും റംഗൂണും സിംഗപ്പൂരും മലയയും ആദ്യ താവളങ്ങൾ. എ. കെ. ജിയുടെ ആത്മകഥയിൽ സിലോൺ യാത്രയെക്കുറിച്ച് പറയുന്നുണ്ട്. 'സിലോണിലെ മലയാളികളിൽ മഹാഭൂരിപക്ഷവും തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളായ നാട്ടിക, ചാവക്കാട് തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. സിലോൺ മലയാളികളും മലേഷ്യൻ മലയാളികളും അന്നേ നാടിന്റെ മുഖഛായ മാറ്റാൻ തുടങ്ങി.
  ചാവക്കാടിനടുത്തുള്ള തൊഴിയൂരിൽ നിന്നുമുള്ള മുഹമ്മദ് സാഹിബ് 1930-കളുടെ അവസാനം സിലോൺ വഴി ബാങ്കോക്കിലും അവിടെ നിന്ന് ഹോങ്കോങ്ങിലുമെത്തി. ബീഡി തെറുപ്പായിരുന്നു പഠിച്ച തൊഴിൽ. പക്ഷെ ബ്രിട്ടീഷ് ഹോങ്കോങ്ങിൽ എത്തിയപ്പോൾ മനസ്സിലായി അതവിടെ ചെലവാകില്ലെന്ന്. സ്കൂളിലും കോളേജിലും പോയി ബിരുദങ്ങൾ സ്വന്തമാക്കി. 90 വയസ്സിനടുത്തെത്തിയിരുക്കുന്ന അദ്ദേഹമിപ്പോൾ പേരെടുത്ത ബാരിസ്റ്ററാണ്.
  1970-കളുടെ ഒടുവിൽ ലോകത്തെയാകെ പിടിച്ചുലച്ച കഅബ ആക്രമണത്തിൽ നിരവഷിയാളുകൾ മരിച്ചു. അന്ന് ഹറമിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ചാവക്കാട് മണത്തല റഊഫ് മൗലവിയും കൊല്ലപ്പെട്ടു. 1956-ൽ സൗദ്യയിൽ എത്തിയ റഊഫ് അറബ് ഭാഷാ പണ്ഡിതനും സൗദി രാജകുടുംബത്തിന് പ്രിയങ്കരനുമായിരുന്നു.
  ബ്ലാങ്ങാട് ബീച്ചിലെ തെരുവത്ത് വീട്ടിൽ അഹമ്മദുണ്ണി പശിയകറ്റാൻ തീവണ്ടി കയറിയ ആളാണ്. പൂണെയിലെ മിലട്ടറി സ്കൂളിൽ പഠിക്കാൻ കാണിച്ച മിടുക്ക് ചാവക്കാട്ടുകാർക്കാകെ അഭിമാനം പകരുന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തി. പാരീസ് സർവ്വകലാശാല ആരോഗ്യ വിഭാഗം മേധാവിയും ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യ വകുപ്പിലെ ശാസ്ത്രജ്ഞനുമാണ് ഡോ: അഹമ്മദുണ്ണി. അർബുദ ചികിത്സ രംഗത്തെ പ്രമുഖനാണിദ്ദേഹം.
  നാസയിലെ ശാസ്ത്രജ്ഞനായ വിദ്യാസാഗർ ചാവക്കാട് ഗവ: ഹൈസ്കൂളിന്റെയും മണത്തലയുടെയും അഭിമാനമാണ്. ഇങ്ങനെ എത്രയോ പ്രഗല്ഭരുടെ ജീവിതമാണ് ചാവക്കാടിന്റെ മണ്ണിനെ ശ്രദ്ധേയമാക്കിയത്. ചെറ്റക്കുടിലുകൽ മാത്രമുണ്ടായിരുന്ന ചാവക്കാടിനെ വികസനത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും പാതയിലേക്ക് നയിച്ചത് പ്രവാസികളാണ്. അവരുടെ കണ്ണീരും ചോരയുമാണ് 'മിനി ഗൾഫ്' എന്ന വിളിപ്പേര് ചാവക്കാടിന് ചാർത്തി നൽകിയത്.
  ഗൾഫിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ ചാവക്കാടിന്റെ ജീവിതത്തിൽ കയറ്റിറക്കമുണ്ടാകുന്നു. ഇറാഖ്-കുവൈറ്റ് യുദ്ധകാലം ചാവക്കാടും പ്രകമ്പനങ്ങളുണ്ടാക്കി. സാമ്പത്തിക മാന്ദ്യത്തിന്റെ രൂപത്തിൽ. ദുബൈയിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ കടപ്പുറം ഒരുമനയൂരിലും ചാവക്കാടും ഭൂമി കച്ചവടം താളം തെറ്റി.
ചാവക്കാടിന്റെ പ്രവാസ ജീവിത പ്രത്യേകതകൾ അനവധിയാണ്. എഴുതിയാൽ തീരാത്തത്ര കഥകൾ ഇനിയുമിവിടെയുണ്ട്.  
                                                               🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
          

വഞ്ചിക്കടവത്തെ ഗസൽ മെഹഫിൽ

  
പി. കെ. മുഹമ്മദ്
   സംഗീതത്തെ സ്നേഹിക്കുന്ന ചാവക്കാട്ടുകാരുടെ കൂട്ടായ്മയാണ് വഞ്ചിക്കടവത്തുള്ള സംഗീത് മെഹൽ. ഞമനേങ്ങാട് സ്വദേശിയായ പി. കെ. മുഹമ്മദ് എന്ന സംഗീതപ്രേമിയുടെ നേതൃത്വത്തിൽ  ഞായറാഴ്ച്ച വൈകുന്നേരങ്ങളിൽ ഗസലുകളുടെ മെഹഫിൽ ഇവിടെ നടക്കുന്നു. ഗസലുകളുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ഈ സദസ്സിൽ കുന്ദംകുളത്തെ 'എകിൻസ് മ്യൂസിക് അക്കാദമി'യുടെ അമരക്കാരനും സംഗീത പ്രേമിയുമായ അബ്ദുൽഖാദറിനെപോലെയുള്ളവർ നിത്യസന്ദർശകരാണ്. 2000-ന്റെ തുടക്കത്തിൽ ഈ സംഗീത കൂട്ടായ്മക്കു തുടക്കം കുറിച്ചു. ഇടക്കുവെച്ച് സംഗീത പ്രേമികളുടെ ഈ സദസ്സിന്റെ പ്രവർത്തനം നിലച്ചുവെങ്കിലും, ഖത്തറിലെ 'എക്കോസ് മ്യൂസിക് ട്രൂപ്പിൽ' എക്കോർഡിയോൺ എന്ന സംഗീതോപകരണം വായിച്ചിരുന്ന പി. കെ. മുഹമ്മദ്     ഈ സദസ്സിന്റെ പ്രവർത്തനം പുനരാരംഭിച്ചു.  ആർ. എം. ഖാദർമോൻ, ഹാർമോണിയം വായിക്കുന്ന രാജുകുട്ടൻ, തബലിസ്റ്റ് ഹനീഫ ബ്രഹ്മകുളം, കീബോർഡ് കൈകാര്യം ചെയ്യുന്ന ഹബീബ് തങ്ങൾ തുടങ്ങിയവർ  സംഗീത് മെഹലിൽ ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മാന്ത്രികത തീർക്കുന്ന മെഹഫിൽ സന്ധ്യകൾ തീർക്കുന്നു.

ഒരു  മെഹഫിൽ സന്ധ്യ

വിവരങ്ങൾക്ക് കടപ്പാട് മാധ്യമം, മലയാള മനോരമ ദിനപത്രങ്ങൾ